വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാർ
text_fieldsആലപ്പുഴ: വോട്ടിന് പണം നൽകുന്നത് ശോഭ സുരേന്ദ്രന്‍റെ സ്ഥിരം സ്വഭാവമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും പണം നൽകിയെന്നും ബി.ജെ.പി മുൻ ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്‍റ് ബിന്ദു വിനയകുമാർ. ആലപ്പുഴയിൽ ശോഭ പണം കൊടുത്ത കാര്യം എല്ലാവർക്കും അറിയാം. ശോഭ തന്നെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ എന്തുകൊണ്ട് സംസ്ഥാന നേതൃത്വം തയാറാകുന്നില്ലെന്നും അവർ ചോദിച്ചു.
തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ശോഭക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകിയിരുന്നു. വാട്ട്സ്ആപ് കോൾ റെക്കോഡ് സഹിതമാണ് പരാതി നൽകിയത്. പിന്നാലെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് ബിന്ദുവിനെ ബി.ജെ.പി സസ്പെൻഡ് ചെയ്തിരുന്നു. തുടർച്ചയായ അച്ചടക്കലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നതടക്കമുള്ള അതീവ ഗൗരവ ആരോപണങ്ങളും ബിന്ദു ഉന്നയിച്ചു. ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അവരുടെ ആവശ്യം.
ശോഭയുടെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കണം. കൃത്യമായ അന്വേഷണം നടന്നാൽ പല രഹസ്യങ്ങളും പുറത്തുവരും. ശോഭയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഈ അന്വേഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പാലക്കാട്ട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്ന് ആരോപിച്ചാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ‘‘നിന്നെ ഞാൻ കാണിച്ചുതരാം, അടിച്ച് നിന്‍റെ ചെപ്പക്കുറ്റി പൊട്ടിക്കും. പണിക്കുറവ് തീർത്തുതരാം’’ തുടങ്ങിയ കേട്ടാൽ അറക്കുന്ന വാക്കുകൾ ഉപയോഗിച്ചായിരുന്നു ഭീഷണി.
ആലപ്പുഴ ബി.ജെ.പിയിൽ ശോഭ പക്ഷക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന്‍റെ പേരിൽ ശോഭ പക്ഷക്കാരെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ഇടപെട്ട് മാറ്റിയതാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നും അവർ പറഞ്ഞു. ശോഭക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കൾക്കും പരാതി നൽകിയിട്ടുണ്ട്. വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയിരുന്നു.പാലക്കാട് നിയോജക മണ്ഡലത്തിലെ വരണാധികാരിയായ ആർ.ഡി.ഒയാണ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയത്. പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

