'കൈ പോയില്ലേ അമ്മാ, ഇനി ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും, എന്റെ കുട്ടി കരയണ് കണ്ടാൽ കണ്ണിൽ കൂടെ ചോരവരും'; ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മാതാവ്
text_fieldsകോഴിക്കോട്: ചികിത്സാ പിഴവ് കാരണം ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ മാതാവ് പ്രസീത. മകളുടെ നില ഗുരുതരമായി തുടരുകയാണെന്നും ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുതെന്നും അവർ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചിരുന്നു. അന്വേഷിക്കട്ടെ എന്ന് മാത്രമാണ് പറഞ്ഞത്. ഇപ്പോൾ നൽകിയ റിപ്പോർട്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണ്. റിപ്പോർട്ട് പൂർണമായി തള്ളിക്കളയുന്നുവെന്നും ചികിത്സാസഹായം നൽകണമെന്നും പ്രസീത കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"അമ്മ, കൈ പോയില്ലേ അമ്മാ, ഇനി ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും, ന്റെ കുട്ടി കരയണ് കണ്ടാൽ കണ്ണിൽ കൂടെ ചോരവരും. അവൾക്ക് ഒന്നിനും കഴിയുന്നില്ല. സൂചി കുത്തിയ ഇടത് കൈകൊണ്ടാണ് ആഹാരം കഴിക്കുന്നത്. കൈ പോയത് പോയതാണല്ലോ. ഞങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകും. കുട്ടിയുടെ കൈ ഏഴു ദിവസത്തിനുള്ള മുറിച്ചുമാറ്റിയെന്ന് പറയുമ്പോൾ അവരുടെ പിഴവല്ലാതെ എന്താണ്."- പ്രസീത ചോദിച്ചു.
സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ, പിന്നീട് കൈയിൽ പഴുപ്പ് ബാധിക്കുകയും നില ഗുരുതരമായതോടെ കോഴിക്കോട് മെഡി. കോളജിൽ എത്തിക്കുകയുമായിരുന്നു. ഇവിടെനിന്നാണ് കൈ ഭാഗികമായി മുറിച്ചുമാറ്റിയത്. പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതുകാരിയുടെ വലതുകൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്.
നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം
കോഴിക്കോട്: വീണ് പരിക്കേറ്റ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ ഉചിത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് നടപടി.
പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്ററിട്ട് പറഞ്ഞയച്ചു. ദിവസങ്ങൾ കഴിഞ്ഞ് പരിക്ക് ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡി. കോളജിൽ എത്തിച്ചു. ഇവിടെവെച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടർമാർ മുറിച്ചുമാറ്റുകയായിരുന്നു. ഇത്തരം സാഹചര്യത്തിൽ കൈ മുറിച്ചുമാറ്റാതെ മുറിവ് ഭേദമാക്കാൻ എല്ലാവിധ അടിസ്ഥാന സൗകര്യവും കോഴിക്കോട് മെഡി. കോളജിലുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

