കാണാതായ പെൺകുട്ടി മരിച്ച കേസിൽ പ്രതി 15 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ
text_fieldsകാസർകോട്: കാണാതായ പെൺകുട്ടി മരിച്ച കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി അറസ്റ്റിൽ. പാണത്തൂർ ചെമ്പലാൽ സ്വദേശിയും കരാറുകാരനുമായ ബിജു പൗലോസ് എന്ന ബൈജുവിനെയാണ് (52) ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ ഹരജിയിൽ ഹൈകോടതി നിർദേശ പ്രകാരം രൂപം നൽകിയ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നും മരണകാരണം അന്വേഷിച്ചുവരുകയാണെന്നും ക്രൈംബ്രാഞ്ച് ഐ.ജി പ്രകാശ്, എസ്.പി പ്രജിഷ് തോട്ടത്തിൽ, ഡിവൈ.എസ്.പി ടി. മധുസൂദനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, എസ്.എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമാണ് ബൈജു പൗലോസിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ്.എസ്.എൽ.സി വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ കാണാതായെന്നാണ് 2010 ജൂൺ ആറിന് അമ്പലത്തറ പൊലീസിൽ പരാതി ലഭിച്ചത്.
കാണാതായ കുട്ടിയും പ്രതിയും ഗാനമേളകളിൽ പാട്ടവതരിപ്പിച്ച് പരിചയമുണ്ടായിരുന്നു. എന്നാൽ, ഭാര്യയും രണ്ടു കുട്ടികളുമുള്ള പ്രതി തുടർച്ചയായി ഫോൺ വിളിച്ചും സ്കൂളിൽ ചെന്നും കുട്ടിയെ ശല്യം ചെയ്തിരുന്നു. എന്നാൽ, ക്രമേണ പെൺകുട്ടി പ്രതിയുടെ വഴിയിൽ വന്നു. വിവിധയിടങ്ങളിൽ ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് സഹോദരൻ എന്നും ഭർത്താവ് എന്നും പരിചയപ്പെടുത്തി. കല്യാണം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ ബന്ധം വഷളായി. പെൺകുട്ടിയെ കാണാതായ കേസിൽ 2024 ഡിസംബർ ഒമ്പതിന് ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പെൺകുട്ടിയുടെ ഫോൺ വഴിയുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ബൈജു പൗലോസിലേക്ക് എത്തുന്നത്. പെൺകുട്ടിയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നും പിടിക്കപ്പെടാതിരിക്കാൻ പാണത്തൂർ പവിത്രം കയത്തിൽ മൃതദേഹം ചവിട്ടിത്താഴ്ത്തിയെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചന്ദ്രഗിരി അഴിമുഖത്തുനിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ഈ പെൺകുട്ടിയുമായി സാമ്യമുണ്ടായിരുന്ന മൃതദേഹത്തിന്റെ അവശിഷ്ടം കാഞ്ഞങ്ങാട് പൊതുശ്മശാനത്തിൽനിന്ന് കുഴിച്ചെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

