‘മക്കളെ ഞാൻ എന്റെ കൈകൾകൊണ്ട് അവസാനിപ്പിച്ചു’
text_fieldsചന്ദ്രശേഖരൻ
ഗുരുവായൂർ: സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പിതാവ് വയനാട് സ്വദേശി ഗുരുവായൂർ ചൂൽപ്പുറത്ത് വാടകക്ക് താമസിക്കുന്ന മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ (58) പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേവനന്ദന (എട്ട്), ശിവനന്ദന (12) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതിയുടെ ഡയറിയിൽ എഴുതിയതിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ടെമ്പിൾ എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും മക്കളും ലോഡ്ജിൽ മുറിയെടുത്തത്. ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയത് ഇളയ മകൾ ദേവനന്ദന കഴിച്ചില്ല. ഐസ്ക്രീം കഴിച്ച ശിവനന്ദന മരണ വെപ്രാളം കാണിച്ചപ്പോൾ തലയണ മുഖത്തമർത്തി മരണം വേഗത്തിലാക്കിയെന്ന് ഡയറിയിലുണ്ട്. രാത്രി ഒന്നരയോടെ ശിവനന്ദന മരിച്ചു. ഈ സമയം ഉറങ്ങുകയായിരുന്ന ദേവനന്ദനയെ ഉണർത്തിയാണ് കയറിൽ തൂക്കിയത്. മരണ ശേഷമാണ് വിശദാംശങ്ങൾ ഡയറിയിൽ എഴുതിയിട്ടുള്ളത്. രാവിലെ ഏഴരയോടെ ചന്ദ്രശേഖരൻ ലോഡ്ജ് റിസപ്ഷനിൽ എത്തിയിരുന്നു. ഉച്ചക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മരിച്ചുകിടക്കുന്നതും ചന്ദ്രശേഖരൻ ഞരമ്പ് മുറിച്ച് അവശനിലയിൽ കിടക്കുന്നതും കണ്ടത്. സ്ഥല പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധൻ രാജേന്ദ്രപ്രസാദ് കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. പൊലീസ് സർജൻ ഡോ. ഉമേഷിന്റെ നിഗമനവും ഇതുതന്നെയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ചന്ദ്രശേഖരനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണംചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുമെന്ന് ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു.
മക്കളെ താൻ സ്വന്തം കൈകൊണ്ട് അവസാനിപ്പിച്ചുവെന്നാണ് ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട് വിട്ട ചന്ദ്രശേഖരൻ ഗുരുവായൂരും പരിസരപ്രദേശത്തും വാടകക്ക് കഴിയുകയായിരുന്നു. മേയ് 27ന് ചന്ദ്രശേഖരന്റെ ഭാര്യ അജിത മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളത്. ചന്ദ്രശേഖരന്റെ രണ്ടാമത്തെ വിവാഹമായിരുന്നു അജിതയുമായുള്ളത്. ആദ്യ വിവാഹത്തിൽ മക്കളില്ല. ചരക്ക് വാഹന ഡ്രൈവറായിരുന്ന ഇയാൾ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. മരിച്ച പെണ്‍കുട്ടികളുടെ സംസ്കാരം വ്യാഴാഴ്ച വടക്കേക്കാട് ശ്മശാനത്തിൽ നടന്നു. കുട്ടികള്‍ പഠിക്കുന്ന എല്‍.എഫ്.സി.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ മോര്‍ച്ചറിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കുട്ടികളുടെ മാതൃസഹോദരനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

