സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം
text_fieldsകോന്നി: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജം. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് കണ്ടെത്തി.
മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി മൊഴിമാറ്റി പറഞ്ഞു. വൈദ്യപരിശോധനാ റിപ്പോർട്ടും പൊലീസ് ഹാജരാക്കി. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്ച രാത്രി തന്നെ പൊലീസ് വിട്ടയച്ചിരുന്നു. പ്രണയനൈരാശ്യമാണ് പരാതിക്കു പിന്നിലെന്നാണ് വിവരം. പരാതിയിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് നീക്കം.
കോന്നിയിലെ കൂടൽ സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പിന്നാലെ പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയതോടെ ഇവരെ വിട്ടയക്കുകയായിരുന്നു. വ്യാജപരാതിയിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടത്തും. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ പെൺകുട്ടിയെ സ്കൂൾ പരിസരത്തും ശുചിമുറിയിൽ വെച്ചും കൂട്ടുകാരിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്നു കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

