ആലുവയിലെ തെളിവെടുപ്പിനിടെ പ്രതിക്കു നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കൾ
text_fieldsആലുവ: അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലവുമായി പൊലീസ് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ മുതലാണ് വിശദമായ തെളിവെടുപ്പ് നടന്നത്. വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ കുട്ടിയുടെ മാതാപിതാക്കൾ പ്രതിക്കു നേരെ പാഞ്ഞടുത്തു.
കൊലനടന്ന മാർക്കറ്റ്, ഇതിനുശേഷം കാൽ കഴുകിയ പൈപ്പ്, പ്രതിയുടെ പോക്കറ്റിൽനിന്ന് ലഭിച്ച സ്റ്റൗ പിൻ വാങ്ങിയ കട, മദ്യപിച്ച് പ്രതി കിടന്നുറങ്ങിയ ബിവറേജ് പരിസരത്തെ കട, കുട്ടിയും കുടുംബവും താമസിച്ച വീട്, പ്രതി കഴിഞ്ഞ വീട്, കുട്ടിക്ക് ജൂസ് വാങ്ങിക്കൊടുത്ത കട, പ്രതി ജോലി ചെയ്ത ചിക്കൻകട, മുമ്പ് വാടകക്ക് താമസിച്ച കുഞ്ഞുണ്ണിക്കര മരങ്ങാട്ട് കവലയിലെ വീട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
കൊല നടക്കുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ആലുവ മാർക്കറ്റിന്‍റെ പിൻവശത്ത് എത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്. വിവരം അറിഞ്ഞ് നിരവധി പേരാണ് മാർക്കറ്റ് പരിസരത്തേക്ക് വന്നത്. ജനങ്ങളുടെ പ്രതിഷേധവും ഉയർന്നു. കൃത്യത്തിനു ശേഷം മാർക്കറ്റിന് സമീപമുള്ള പൈപ്പിൽ പ്രതി കാലുകൾ കഴുകിയത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. പ്രതിയെ പിടികൂടുമ്പോൾ പോക്കറ്റിൽ സ്റ്റൗ പിൻ ഉണ്ടായിരുന്നു. പ്രതിയെ കടയുടമ തിരിച്ചറിയുന്നതിനാണ് ഇവിടെ കൊണ്ടുപോയി തെളിവെടുത്തത്. തുടർന്ന് ബിവറേജസ് പരിസരത്ത് മദ്യപിച്ച് കിടന്നുറങ്ങിയ കടയിലും എത്തിച്ചു. ഇവിടെ നിന്നാണ് കുട്ടിയുടെയും പ്രതിയുടെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പ്രതി അസ്ഫാഖ് ആലത്തിനെതിരായ തെളിവുകൾ ശേഖരിക്കാൻ ഇതരസംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് സംഘമായി ബിഹാറിലേക്കും ഡൽഹിയിലേക്കുമാണ് ശനിയാഴ്ച തിരിച്ചത്. എസ്.ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

