പ്രണയത്തിന്റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു
text_fieldsപറവൂർ (കൊച്ചി): ഇതര മതത്തിലെ യുവാവുമായി പ്രണയത്തിലായതിന്റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു. കരുമാല്ലൂർ മറിയപ്പടിക്ക് സമീപം പള്ളത്ത് ഐക്കരക്കുടി അബീസ്-ആഷില ദമ്പതികളുടെ മകൾ ഫാത്തിമയാണ് (14) സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ‘ആലുവ കടുങ്ങല്ലൂർ രാജശ്രീ സി.ബി.എസ്.ഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ. ഇതേ സ്കൂളിലെ സീനിയർ വിദ്യാർഥിയുമായി പ്രണയത്തിലായി. പിതാവ് പലതവണ മകളെ താക്കീത് ചെയ്തെങ്കിലും അടുപ്പം തുടർന്നു. ഒക്ടോബർ 29ന് പെൺകുട്ടിയുടെ ബാഗിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇതിൽ അരിശം പൂണ്ട അബീസ് മാതാവിനെയും മറ്റ് രണ്ട് മക്കളെയും വീടിന് പുറത്താക്കി ഫാത്തിമയെ മുറിയിൽ കയറ്റി കതകടച്ച് ചോദ്യം ചെയ്തു. പ്രണയത്തിൽനിന്ന് പിന്മാറാൻ പെൺകുട്ടി തയാറായില്ല. തുടർന്ന് പൈപ്പ് ഉപയോഗിച്ച് തല്ലി. ഇതിനുശേഷം വായിൽ കളനാശിനി ഒഴിച്ചു.
ചികിത്സയിലിരിക്കെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആലുവ വെസ്റ്റ് പൊലീസിന് പെൺകുട്ടി ഇങ്ങനെ മൊഴി നൽകിയിട്ടുണ്ട്.’ താൻ ചോദ്യം ചെയ്യുന്നതിനിടെ മകൾ കളനാശിനി കഴിച്ചെന്നും ഇത് വായിൽനിന്ന് ഒഴിവാക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് അബീസ് പറഞ്ഞത്. മകളെ ആക്രമിച്ചതും വിഷം നൽകിയതും ഭർത്താവാണെന്നാണ് കുട്ടിയുടെ മാതാവിന്റെ മൊഴി. പോസ്റ്റ്മോർട്ടത്തിന് ശേഷം കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ബുധനാഴ്ച ഖബറടക്കും. ഫാത്തിമക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. ഇരുവരും വിദ്യാർഥികളാണ്.

