മതപഠനശാലയിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
text_fieldsബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീമാപള്ളി ടി.സി. 70/211 ൽ അസ്മിയ മോളെയാണ് (17) ശനിയാഴ്ച വൈകീട്ട് ലൈബ്രറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുവർഷമായി ഇവിടെ താമസിച്ചു പഠിക്കുകയായിരുന്നു അസ്മിയ.
അസ്മിയക്ക് സ്ഥാപനത്തിൽ താമസിച്ചുപഠിക്കുന്നതിന് താൽപര്യമില്ലെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ശനിയാഴ്ച വീട്ടുകാരുമായി ഫോണിൽ സംസാരിച്ച അസ്മിയ മാതാവിനോട് ഉടൻ വരണമെന്ന് ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കകം വീട്ടുകാരെത്തിയപ്പോഴാണ് അസ്മിയയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൂങ്ങിമരണമാണെന്ന് പൊലീസ് പറയുന്നു.
എന്നാൽ, മതപാഠശാലയിലെ പീഡനമാണ് ആത്മഹത്യക്കിടയാക്കിയതെന്ന് അസ്മിയയുടെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രേരണാക്കുറ്റത്തിന് അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാൽ, സ്ഥാപനത്തിൽനിന്ന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അസ്മിയക്കും മറ്റു വിദ്യാർഥികൾക്കും നേരിട്ടിട്ടില്ലെന്ന് വനിതകൾ മാത്രം അധ്യാപകരായ മതസ്ഥാപനത്തിലെ അധികൃതർ അറിയിച്ചു. ബാലരാമപുരം പൊലീസ് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു. പിതാവ്: നാസറുദ്ദീൻ. മാതാവ്: റഹ്മത്ത് ബീവി. സഹോദരി: അസ്നമോൾ.