പെൺകുട്ടികളെ കയറിപ്പിടിച്ച യുവാവും നഗ്നത കാട്ടിയ മധ്യവയസ്കനും അറസ്റ്റിൽ
text_fieldsകായംകുളം: സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന പെൺകുട്ടികളെ തടഞ്ഞുനിർത്തി കയറിപ്പിടിച്ച യുവാവിനെയും പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച മധ്യവയസ്കനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് സ്വദേശി സജീർ (25), പത്തിയൂർ സ്വദേശി മുരളീധരൻ (52) എന്നിവരാണ് പിടിയിലായത്. 10 ദിവസം മുമ്പ് സെൻറ് മേരീസ് ഹൈസ്കൂളിന് സമീപമാണ് ബൈക്കിലെത്തിയ സജീർ പെൺകുട്ടികളെ കയറിപ്പിടിച്ചത്.
പെൺകുട്ടികളുടെ വീട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവം നടന്നതിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. കഞ്ചാവുകേസിൽ പ്രതിയായ സജീറിനെ അരൂരിൽ ഭാര്യവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പെരുങ്ങാല സെൻറ് ജോർജ് ആശുപത്രിക്ക് സമീപം വീടിെൻറ മുകളിൽ നിന്ന പെൺകുട്ടികളെ നഗ്നത കാട്ടിയതിനാണ് മുരളീധരനെ അറസ്റ്റ് ചെയ്തത്. സംഭവം കണ്ട നാട്ടുകാർ മരത്തിൽ കെട്ടിയിട്ടശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
