ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കും; ചെലവ് നോർക്ക റൂട്ട്സ് വഹിക്കും
text_fieldsതിരുവനന്തപുരം: ജർമനിയിലെ ബോഹും മേഖലയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുളള നടപടികള് പുരോഗമിക്കുന്നു. ഇതിനുള്ള എല്ലാ ചെലവും നോര്ക്ക റൂട്ട്സ് വഹിക്കുമെന്ന് സർക്കാർ വ്യകതമാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നോർക്ക റൂട്ട്സിന് നിർദേശം നൽകി. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിന് ജോണി (26), ഇടുക്കി ഇരട്ടയാര് സ്വദേശി നോവ സാബു (25) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ട മൂന്ന് മലയാളികളുടെയും മൃതദേഹങ്ങള് ഓദ്യോഗിക നടപടിക്രമങ്ങള് പൂര്ത്തിയാക്കി ഫ്യൂണറൽ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ട്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മരണ സര്ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്സ്, എംബാമിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങള് വേഗത്തിലാക്കി മൃതദേഹങ്ങള് നാട്ടിലെത്തിക്കാനാണ് ശ്രമം. ദുരന്തവാര്ത്ത അറിഞ്ഞതുമുതല് പ്രൊട്ടക്ടര് ഓഫ് എമിഗ്രന്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറല് ഓഫിസ്, ജര്മ്മനിയിലുളള മലയാളി സംഘടാനാ പ്രതിനിധികള് എന്നിവരുമായി നോര്ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. മലയാളി സംഘടനാ പ്രതിനിധികള് അപകടസ്ഥലവും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് ഉള്പ്പെടെ സന്ദര്ശിച്ച് ആവശ്യമായ സഹായങ്ങള് ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

