ജോർജിന്റെ നാക്കിന് ലൈസൻസില്ല -ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി വിഷയത്തിൽ പുരോഹിതന്മാരെ അധിക്ഷേപിച്ച പി.സി. ജോർജിന് നിശിത വിമർശനവുമായി ഓർത്തഡോക്സ് സഭ. ജോർജിന്റെ തോക്കിന് മാത്രമേ ലൈസൻസ് ഉള്ളൂവെന്നും നാക്കിന് ലൈസൻസില്ലെന്നും മലങ്കര ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ജോർജ് വായ തുറക്കുന്നത് തന്നെ ആർക്കെങ്കിലുമെതിരെ മോശമായി സംസാരിക്കാനാണ്. അങ്ങനെ ഒരാൾ പറയുന്നതിനോട് പ്രതികരിക്കേണ്ട ആവശ്യമേയില്ല. ജനങ്ങൾ വിവേകമുള്ളവരാണ്, അവർ ഇതെല്ലാം കാണുന്നുണ്ട്. പി.സി. ജോർജിന്റെ പരാമർശം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ആർ.എ വിവാദത്തിൽനിന്ന് തലയൂരാൻ സംസ്ഥാന ബി.ജെ.പി പാടുപെടുന്നതിനിടെ പാർട്ടിയെയും സ്ഥാനാർഥികളെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പി.സി. ജോർജ്. എഫ്.സി.ആർ.എ വിഷയത്തിൽ ബിഷപ്പുമാരെ രൂക്ഷഭാഷയിൽ ആക്ഷേപിച്ച ജോർജിന്റെ പ്രസ്താവന പാർട്ടിക്ക് തലവേദനയായി. ജോർജിനെതിരെ കടുത്ത വിമർശനവുമായി ഓർത്തഡോക്സ് സഭ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണെന്നും അവർ ഇതിനപ്പുറത്തെ വർത്തമാനം പറയുമെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന. താൻ ഇത് പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ചു പിതാക്കന്മാർ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബി.ജെ.പിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നതെന്നും ജോർജ് പറഞ്ഞു.ജോർജിന്റെ മകനും പാലായിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ഷോൺ ജോർജ് ഈ പ്രസ്താവനക്കെതിരെ രംഗത്തു വന്നത് ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ഇതേ അവസ്ഥയിലാണ് ക്രൈസ്തവ വോട്ടുകൾ പ്രതീക്ഷിക്കുന്ന മറ്റു സ്ഥാനാർഥികളും.
അതിനിടെ എഫ്.സി.ആർ.എ എന്ന വീണുകിട്ടിയ ആയുധം ഉപേക്ഷിക്കാൻ ഇരുമുന്നണികളും തയാറാകാത്തതും ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുന്നു. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് മാത്രമാണ് ബിൽ മാറ്റിവച്ചതെന്നും ഇരട്ടി പ്രഹരത്തോടെ തിരികെ വരുമെന്നുമാണ് ഇരുമുന്നണികളുടെയും പ്രചാരണം. ബില്ലിൽ തുടർ നടപടികളുണ്ടായാൽ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസും സി.പി.എമ്മും തയാറെടുപ്പ് നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

