തിരുവമ്പാടി: റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുന്നയിച്ച യുവാവിനെ അടിക്കണമെന്ന ജോർജ്.എം.തോമസ് എം.എൽ.എയുടെ പരാമർശം വിവാദത്തിൽ. ആഗസ്റ്റ് 17ന് തിരുവമ്പാടി തമ്പലമണ്ണ 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടന വേദിയിൽ എം.എൽ.എ സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് ഞാറാഴ്ച പുറത്ത് വന്നത്.
അഗസ്ത്യമുഴി - കൈതപ്പൊയിൽ റോഡ് പ്രവൃത്തിയിൽ അഴിമതി ആരോപിച്ച് രണ്ട് സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. പരാതിക്കാരിൽ ഒരാളായ ആനടിയിൽ സൈതലവിക്കെതിരെയായിരുന്നു എം. എൽ.എ യുടെ പരാമർശം.
റോഡ് പ്രവൃത്തി സംബന്ധിച്ച് നേരത്തെ യൂത്ത് കോൺഗ്രസും പരാതിയുമായി രംഗത്ത് വന്നിരുന്നു. എം.എൽ .എ യുടെ 'അടി' പ്രയോഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു.