കനത്ത തോൽവിക്ക് പിന്നാലെ ജോർജ് കുര്യന് മന്ത്രിസ്ഥാനവും ഇല്ലാതാകുന്നു; പിന്നിൽ വിദ്വേഷകാമ്പയിൻ? പകരം സി. സദാനന്ദന് സാധ്യത
text_fieldsന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രിയും മലയാളിയുമായ ജോർജ് കുര്യൻ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്തേക്ക് പോകുന്നത് അപ്രതീക്ഷിതം. കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനായിരുന്നു അദ്ദേഹത്തിന് നൽകിയ മന്ത്രി സ്ഥാനം. എന്നാൽ, ഉള്ള വോട്ടുകൾ പോലും നഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു ജോർജ് കുര്യന്റെ പ്രകടനം.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ച ഇദ്ദേഹത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതും പാർട്ടിക്ക് മുൻ തെരഞ്ഞെടുപ്പുകളിൽ ഇവിടെ നിന്ന് ലഭിച്ച വോട്ടുകളേക്കാൾ കുറഞ്ഞ വോട്ട് നേടിയാണ് ദയനീയ തോൽവി ഏറ്റുവാങ്ങിയത്. യുഡിഎഫ് സ്ഥാനാർഥിയായ റോണി കെ ബേബി 5,772 വോട്ടുകൾ നേടി ജയിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എൻ ജയരാജ് 50,874 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ജോർജ് കുര്യന് 26,984 വോട്ടുകളാണ് ലഭിച്ചത്.
2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർഥികളായ വിഎൻ മനോജ്, അൽഫോൺസ് കണ്ണന്താനം എന്നിവർ യഥാക്രമം 31,411 വോട്ടും 29,157 വോട്ടുകൾ പിടിച്ചിരുന്നു. 2024ൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ച അനിൽ ആൻ്റണി 30,013 വോട്ടുകൾ നേടിയിരുന്നു. ഈ സ്ഥാനത്താണ് കേന്ദ്രമന്ത്രി കൂടിയായിട്ടും ജോർജ് കുര്യൻ 26,984 വോട്ടിൽ ഒതുങ്ങിയത്.
കേരളത്തിൽ ക്രൈസ്തവർക്ക് ബി.ജെ.പി അമിത പ്രാധാന്യം നൽകുന്നയതായി ശശികല അടക്കമുള്ള ഹിന്ദു ഐക്യവേദി നേതാക്കൾ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ എഫ്.സി.ആർ.എ ഭേദഗതി നിയമത്തിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തിറങ്ങിയപ്പോൾ, അവർക്കെതിടെ കടുത്ത വിദ്വേഷ പ്രചാരണവുമായി ഹിന്ദു ഐക്യവേദി നേതാക്കൾ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതെല്ലാം ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കിയിരിക്കാം എന്നാണ് സൂചന.
മധ്യപ്രദേശിൽനിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലെത്തിയത്. ജൂൺ 21ന് രാജ്യസഭാ കാലാവധി അവസാനിക്കുന്ന ഇദ്ദേഹത്തിന് വീണ്ടും അവസരം നൽകാൻ പാർട്ടി വിസമ്മതിക്കുയായിരുന്നു. ഇതേ ദിവസം കാലാവധി അവസാനിക്കുന്ന പഞ്ചാബിൽനിന്നുള്ള ഭക്ഷ്യസംസ്കരണ-റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും മന്ത്രിസഭയിൽ നിന്ന് പുറത്തായേക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ വ്യാഴാഴ്ചയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. ഇതിൽ മധ്യപ്രദേശിൽനിന്നുള്ള ജോർജ് കുര്യന്റെ ഒഴിവിലേക്ക് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആണ് സ്ഥാനാർഥി. ജൂൺ പകുതിയോടെ കേന്ദ്രമന്ത്രിസഭയിൽ വലിയ രീതിയിലുള്ള പുനഃസംഘടന ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോർജ് കുര്യനും രവ്‌നീത് സിങ് ബിട്ടുവിനും സീറ്റ് ലഭിക്കാതിരുന്നത്.
ജോർജ് കുര്യനുപകരം കേരളത്തിൽനിന്ന് മറ്റൊരാളെ മന്ത്രിയാക്കാനാണ് തീരുമാനമെങ്കിൽ, രാഷ്ട്രപതിയുടെ നോമിനിയായി രാജ്യസഭയിലെത്തിയ സി. സദാനന്ദന് അവസരം ലഭിച്ചേക്കും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിട്ടുവിനെ മാറ്റാനുള്ള തീരുമാനത്തിൽ വ്യക്തത വന്നിട്ടില്ല. പന്ത്രണ്ടിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഇതിൽ രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉൾപ്പെടെ അഞ്ചുപേർ പദവി ഒഴിയും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽനിന്ന് കൂടുതൽ അംഗങ്ങൾക്ക് മന്ത്രിപദവി ലഭിച്ചേക്കും.
അരുണാചൽ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ് ജൂൺ 18ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭാ കാലാവധി തീരുന്ന ആരെയും ബി.ജെ.പി ഇത്തവണ പരിഗണിച്ചിട്ടില്ല. അടുത്തിടെ ബി.ജെ.ഡി വിട്ട ദേബാശിഷ് സാമന്തറായെ അദ്ദേഹം രാജിവെച്ച ഒഡിഷയിൽനിന്നുള്ള രാജ്യസഭാ ഒഴിവിലേക്ക് ബി.ജെ.പി സീറ്റിൽ മത്സരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

