പി.എം ശ്രീയിൽനിന്ന് പിന്മാറിയാൽ വിദ്യാർഥികൾ മറ്റ് സംസ്ഥാനത്തെ സ്കൂളുകളെ തേടിപ്പോകുന്ന അവസ്ഥയുണ്ടാകും -ജോർജ് കുര്യൻ
text_fieldsകാസർകോട്: പി.എം ശ്രീ പദ്ധതിയിൽ നിന്നുള്ള സർക്കാറിന്റെ പിൻമാറ്റം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളെ തകർക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കാസർകോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനത്ത സ്കൂളുകളെ തേടിപ്പോകുന്ന അവസ്ഥയുണ്ടാകും. കരാറിൽ നിന്ന് പിൻമാറില്ലെന്നണ് കരുതുന്നത്. അതേസമയം പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിക്കാൻ സി.പി.ഐ ഉയർത്തിയ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതി പുനഃപരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ടുപോകില്ലെന്ന് കേന്ദ്ര സർക്കാറിനെ അറിയിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, പി. രാജീവ്, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. ധാരണപത്രം ഒപ്പിട്ടതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ആശങ്കകളും ഉയർന്നതിനാലാണ് മരവിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതോടെ സർക്കാറിനെയും ഇടതുമുന്നണിയെയും ഒരാഴ്ചയോളമായി ആടിയുലച്ച സി.പി.ഐ -സി.പി.എം രാഷ്ട്രീയ തർക്കത്തിനും പരിഹാരമായി. രണ്ടുതവണ മന്ത്രിസഭയിലെത്തിയിട്ടും സി.പി.ഐയുടെ എതിർപ്പിനെതുടർന്ന് മാറ്റിവെച്ച പദ്ധതി മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് വിദ്യാഭ്യാസ വകുപ്പ് രഹസ്യമായി ഒപ്പുവെച്ചത്. ഇതോടെ കരാർ റദ്ദാക്കുംവരെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ തീരുമാനിക്കുകയായിരുന്നു.
മന്ത്രിസഭ യോഗം ബഹിഷ്കരിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാറിന് കനത്ത തിരിച്ചടിയാകുമെന്ന് കണ്ട് മുഖ്യമന്ത്രിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും മന്ത്രി വി. ശിവൻകുട്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പദ്ധതിയിൽ നിന്ന് പിന്മാറാതെ മന്ത്രിസഭ യോഗത്തിനില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി, എം.എ. ബേബി, എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത സി.പി.എം സെക്രട്ടേറിയറ്റ് യോഗം പദ്ധതി നടത്തിപ്പ് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
സി.പി.ഐ മന്ത്രിമാരുൾപ്പെടുന്ന ഉപസമിതിയുണ്ടാക്കാം, ഉപസമിതിയുടെ തീരുമാനംവരെ പദ്ധതി മരവിപ്പിക്കാം, പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കാം എന്ന സി.പി.എം നിർദ്ദേശം പിന്നീട് എം.എ. ബേബി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയെ അറിയിച്ചു. ഇതോടെയാണ് പ്രശ്നപരിഹാര വഴി തുറന്നത്. വൈകാതെ ബിനോയ് വിശ്വവും മന്ത്രിമാരായ കെ. രാജനും ജി.ആർ. അനിലും എ.കെ.ജി സെന്‍ററിലെത്തി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ബഹിഷ്കരണം ഒഴിവാക്കി സി.പി.ഐ മന്ത്രിമാർ കൂടി പങ്കെടുത്ത മന്ത്രിസഭായോഗം പിന്നീട് പി.എം ശ്രീയിലെ തിരുത്തൽ നിലപാട് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
ഇടതു മുന്നണിയെ ഇരുട്ടിൽ നിർത്തി ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്ന നിലയിൽ ഒപ്പിട്ട പി.എം ശ്രീയുടെ ധാരണാപാത്രം മരവിപ്പിച്ചത് സി.പി.ഐക്ക് രാഷ്ട്രീയ വിജയമാണ്. ഫണ്ടിനായി ആദർശം ബലികഴിക്കാനില്ലെന്ന നിലപാട് അംഗീകരിപ്പിച്ചത് സി.പി.ഐക്ക് കരുത്താകും. പദ്ധതിയിലെ നിലപാടുമാറ്റത്തെ എൽ.ഡി.എഫിന്‍റെ വിജയമെന്നാണ് ബിനോയ് വിശ്വം വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

