ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കൾ ഇന്ത്യൻ വിപണിയിൽ
text_fieldsപാലക്കാട്: നിയമം ലംഘിച്ച് ജനിതക മാറ്റം (ജി.എം) വരുത്തിയ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലെന്ന് റിപ്പോർട്ട്. ന്യൂ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻറ് (സി.എസ്.ഇ) നടത്തിയ പഠനത്തിലാണ് ആരോഗ്യത്തിന് ഹാനികരമായതും സർക്കാർ അനുമതി നൽകാത്തതുമായ ജനിതക മാറ്റം വരുത്തിയ ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയത്.
ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ 32 ശതമാനത്തിലും ഇറക്കുമതി ചെയ്തവയിൽ 80 ശതമാനത്തിലും ജനിതകമാറ്റം വരുത്തിയതായി തെളിഞ്ഞു. ശിശുക്കൾക്കുള്ള ഭക്ഷണത്തിൽ വരെ ജനിതക മാറ്റം വരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 65 ഭക്ഷ്യ ഉൽപന്നങ്ങളാണ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 32 ശതമാനത്തിലും ജനിതക മാറ്റം തെളിഞ്ഞു. ബേബി ഫുഡ്, ഭക്ഷ്യ എണ്ണ, പാക്കറ്റ് ഫുഡ്, സ്നാക്സ് എന്നിവയാണ് പ്രധാനമായും പരിശോധനക്കെടുത്തത്.
യു.എസ്, കാനഡ, നെതർലൻഡ്സ്, തായ്ലൻഡ്, യു.എ.ഇ എന്നിവിടങ്ങളിൽനിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. ജനിതക മാറ്റം വരുത്തിയ വിളകളായ പരുത്തിക്കുരു, സോയാബീൻ, കടുക് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങളിലാണ് പ്രശ്നം കണ്ടെത്തിയത്.
ജനറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ ഇത്തരം ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതിയും നിർമാണവും വിൽപനയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (എഫ്.എസ്.എസ്.എ) നിരോധിച്ചതാണ്.
വിളകളിലെ ജനിതമാറ്റം
ജനിതക മാറ്റം വരുത്തിയ വിളകളും ഭക്ഷ്യോൽപന്നങ്ങളും ശാസ്ത്രലോകത്ത് ഇന്നും തർക്കവിഷയമാണ്. ജി.എം ഭക്ഷ്യവിളകൾ സുരക്ഷിതമല്ല എന്നതാണ് പ്രധാന വാദം. രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ഗുരുതര പാർശ്വഫലങ്ങളുണ്ടാകുമെന്നും നിരീക്ഷണമുണ്ട്. ഇന്ത്യയിൽ പരുത്തിയിൽ മാത്രമാണ് ഇതുവരെ ജനിതക മാറ്റം വരുത്തി കൃഷി ചെയ്യുന്നത്. യൂറോപ്യൻ യൂനിയൻ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രസീൽ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഉപഭോക്താക്കൾക്ക് കൃത്യമായ അറിയിപ്പു നൽകി ജി.എം ഭക്ഷ്യോൽപ്പന്നം വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
