ഓർമകളുടെ സഭാതലത്തിൽ തലമുറകളുടെ ഒത്തുചേരൽ
text_fieldsകുറിപ്പ് കുരുക്കായി....
കേരളപ്പിറവി എഴുപതാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി മുൻ നിയമസഭ സാമാജികരുടെ സ്നേഹ സംഗമത്തിൽ സമയം നീളുന്നത് ഒഴിവാക്കാൻ പ്രസംഗം ചുരുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച കുറിപ്പ് നീരസത്തോടെ ഉയർത്തിക്കാട്ടുന്ന മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ. ഇതുകേട്ട് ചിരിക്കുന്ന മുൻ സ്പീക്കർമാരായ എൻ. ശക്തൻ, എ.എൻ. ഷംസീർ, എം.ബി. രാജേഷ്, വി.എം. സുധീരൻ, തേറമ്പിൽ രാമകൃഷ്ണൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ -പി.ബി. ബിജു
തിരുവനന്തപുരം: ഭരണചലനങ്ങൾക്ക് ചുക്കാൻ പിടിച്ച സഭാകാലങ്ങളുടെ ഓർമകൾ പങ്കുവെച്ചും അൽപം ഗൗരവമേറിയ ചർച്ചകൾക്ക് തുടക്കമിട്ടും പഴയകാല സാമാജികരും മുൻ സഭാനാഥന്മാരും നിയമസഭയിൽ ഒത്തുചേർന്നു. കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് പാലോളി മുഹമ്മദ് കുട്ടിയും തേറമ്പിൽ രാമകൃഷ്ണനും ഭാർഗവി തങ്കപ്പനും മുതൽ എം.ബി. രാജേഷും എ.എൻ. ഷംസീറുമടക്കം തലമുറകളുടെ സംഗമം കൂടിയായി.
ചരിത്രത്തിലെ ആദ്യ അനുഭവമാണിതെന്നും എല്ലാ പക്ഷത്തു നിന്നുള്ള ആളുകളും എത്തിയെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന് പൊതുവായി കേരള ഗീതം വേണമെന്ന ആഗ്രഹം താൻ പങ്കുവെക്കുകയാണെന്നും ഒരുകാലത്ത് കേരള ഗീതമുണ്ടായെങ്കിലും പിന്നീടത് നിലച്ചുപോയെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
സദസ്സിലുണ്ടായിരുന്ന മുതിർന്ന അംഗം പാലോളി മുഹമ്മദ് കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച ശേഷമാണ് തിരുവഞ്ചൂർ പ്രസംഗം അവസാനിപ്പിച്ചത്. ഇത്തരം കൂട്ടായ്മകൾക്ക് തുടർച്ചയുണ്ടാകണമെന്നും മുൻ സാമാജികരെ പ്രയോജനപ്പെടുത്താൻ അവരെ നിയമസഭയുടെ ഭാഗമാക്കണമെന്നും എം. വിജയകുമാർ പറഞ്ഞു. മുൻ സാമാജികർക്ക് നൽകാനാകുന്ന സേവനങ്ങൾ മറ്റാർക്കും സാധിക്കില്ല. എന്നാൽ, കേരളത്തിൽ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരള ഗീതം വേണമെന്ന തിരുവഞ്ചൂരിന്റെ ആവശ്യത്തെ വിജയകുമാർ പിന്തുണച്ചു.
സ്വതന്ത്ര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ നിർണായക പങ്കുവഹിക്കാൻ കേരള നിയമസഭക്ക് സാധിച്ചെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വി.എം. സുധീരൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിയമസഭകൾ ചേരുന്ന ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ബഹുദൂരം മുന്നിലാണെന്നായിരുന്നു തേറമ്പിൽ രാമകൃഷ്ണന്റെ അഭിപ്രായം.
കൃഷിഭൂമി കൃഷിക്കാരന് എന്നതടക്കം തെരുവിലുയർന്ന മുദ്രാവാക്യങ്ങളെ നിയമമാക്കി മാറ്റിയ സഭയാണിതെന്ന് എം.ബി. രാജേഷ് പറഞ്ഞു. പാർലമെന്റ് ചേരുന്നതിനേക്കാൾ കൂടുതൽ ദിവസങ്ങൾ കേരള നിയമസഭ ചേരുന്നുണ്ട്. വാക്കൗട്ടും പ്രതിഷേധങ്ങളുമൊക്കെ ഉണ്ടാകുമെങ്കിലും സഭാ നടപടികൾ സ്തംഭിക്കാറില്ലെന്നത് കേരളത്തിന്റെ സവിശേഷതയാണ്. പാർലമെന്റിൽ പല സെഷനുകളും ഒന്നാകെ ഒലിച്ചു പോയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. സംസ്ഥാനത്തിന്റെ 70ാം ജന്മദിനത്തോടനുബന്ധിച്ച് 70 പേരടങ്ങുന്ന തിരുവാതിരയും ചടങ്ങിന് മുന്നോടിയായി നിയമസഭ അങ്കണത്തിൽ അരങ്ങേറി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി, ചിറ്റയം ഗോപകുമാർ, വി. ശശി, മുൻ എം.എൽ.എ ഒ. രാജഗോപാൽ, സണ്ണിക്കുട്ടി എബ്രാഹം എന്നിവർ സംസാരിച്ചു. വിവിധ സഭകളിൽ എം.എൽ.എമാരായിരുന്ന 174 പേരാണ് സംഗമത്തിൽ പങ്കെടുത്തത്. 307 പേരാണ് മുൻ സാമാജികരായി സംസ്ഥാനത്തുള്ളത്.
13 അശുഭകരം തന്നെ; കാരണം പറഞ്ഞ് എൻ. ശക്തൻ
തിരുവനന്തപുരം: 13 എന്ന അക്കം അശുഭ സൂചകമെന്ന ചിലരുടെ വിശ്വാസത്തോട് തനിക്ക് യോജിപ്പാണെന്നും സ്പീക്കറായിരുന്ന കാലത്തെ നിയമസഭയിലെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഈ നിലപാടിന് പ്രേരണയായതെന്നും മുൻ സ്പീക്കർ എൻ. ശക്തൻ. 13ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ചേർന്ന മാർച്ച് 13നായിരുന്നു കെ.എം. മാണി തന്റെ 13ാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ഈ നാല് പതിമൂന്നുകൾ ഒന്നിച്ചു വന്നപ്പോഴാണ് കേരള നിയമസഭയുടെ ചരിത്രത്തിലെ ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടായതെന്നാണ് താൻ വിശ്വസിക്കുന്നത്.
ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്നാണ് പ്രതിപക്ഷവും ഭരണപക്ഷവും ആഗ്രഹിക്കുന്നതെന്നും ശക്തൻ കൂട്ടിച്ചേർത്തു. കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചത് തടസ്സപ്പെടുത്താൻ ശ്രമിച്ചത് സഭക്കുള്ളിൽ വലിയ ഏറ്റുമുട്ടലിന് വഴിവെച്ചതാണ് ശക്തൻ ചൂണ്ടിക്കാട്ടിയത്.
‘അപ്പം ചുട്ടെടുക്കുന്നപോലെയാകരുത് നിയമനിർമാണം’
തിരുവനന്തപുരം: വേണ്ടത്ര ചർച്ചകളില്ലാതെ നിയമനിർമാണം നടക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടാകരുതെന്നും മുൻ സ്പീക്കർ വി.എം. സുധീരൻ. അപ്പം ചുട്ടെടുക്കുന്നത് പോലെയാകരുത് നിയമനിർമാണം. ജനങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും നിയമനിർമാണത്തിൽ പരിഗണിക്കം-അദ്ദേഹം പറഞ്ഞു. നിയമസഭയിൽ മുൻകാല സാമാജികരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.
സബ്ജക്ട് കമ്മിറ്റി വന്നതോടെ വേണ്ടത്ര ചർച്ചകളില്ലാതെയാണ് ബില്ലുകൾ പാസാക്കുന്നത്. സെലക്ട് കമ്മിറ്റിയും ജനങ്ങളിൽനിന്ന് അഭിപ്രായം തേടലുമെല്ലാം കുറഞ്ഞുവരുന്നു. ഒന്നാം നിയമസഭയുടെ കാലത്ത് വിമോചന സമരം പോലെ ശക്തമായ പ്രക്ഷോഭങ്ങളുണ്ടായിട്ടും നിയമസഭ അതിന്റെ ദൗത്യം കൃത്യമായി നിറവേറ്റി. ഒന്നാം സഭയുടെ കാലത്ത് ഒരു ദിവസം പോലും സ്തംഭിച്ചിട്ടില്ല. നാല് തവണ മാത്രമാണ് അന്ന് വാക്കൗട്ട് നടന്നത്. ഇപ്പോൾ സഭാസമ്മേളനം ചേരുന്ന ദിവസങ്ങൾ കുറയുകയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
വി.എം. സുധീരൻ ഉന്നയിച്ച ദൗർബല്യങ്ങൾ കൂടി പരിഹരിച്ച് മുന്നോട്ടു പോകണമെന്ന് എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. നിയമസഭയിൽ സംവാദങ്ങളാകാമെങ്കിലും അക്രമങ്ങളും ആക്രോശങ്ങളും അനാരോഗ്യകരമാണെന്നും വഹിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സും ഔന്നിത്യവും നിലവാരവും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക തന്നെ വേണമെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.

