കേരളത്തിൽ ചിലർ അദൃശ്യ ഇസ്രായേൽ രൂപവത്കരിച്ചു -കെ.ഇ.എൻ; ‘ഗസ്സയുടെ പേരിൽ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും പലചരക്ക് കടകളും ഉയരണം’
text_fieldsകോഴിക്കോട്: പിറന്നാൾ ദിനത്തിൽ ഗസ്സയിലെ കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിച്ച സാഹിത്യകാരി എം. ലീലാവതിക്കുനേരെ നടന്ന സൈബർ ആക്രമണം കേരളത്തിൽ ചിലർക്ക് അദൃശ്യ ഇസ്രായേൽ രൂപവത്കരിക്കാൻ കഴിഞ്ഞതിന്റെ സൂചനയാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഇസ്രായേൽ ഭീകരതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ എംബസിയിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് സംഘടനകൾ നീങ്ങണം. ലോകമാകെ പ്രതിരോധത്തിന്റെ പ്രതീകമായി ഗസ്സ മാറണം. പ്രതിഷേധങ്ങളെല്ലാം ഹീബ്രു ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും വേണം. പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സെമിനാറുകളിൽ ഒതുങ്ങാൻ പാടില്ല.
നാടെമ്പാടും ഗസ്സ കോർണറുകൾ ഉണ്ടാകണം. ഗസ്സയുടെ പേരിൽ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും തൊട്ട് പലചരക്ക് കടകൾ വരെ ഉണ്ടാകണം. ഇത് സയണിസ്റ്റുകൾ അറിയുകയും വേണം. അവർ അറിയണമെങ്കിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള പ്രതിരോധങ്ങൾ ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തണം. സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പ്രതിഷേധങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഇടപെടലുകൾ ഏകീകരിക്കപ്പെടുന്നില്ല എന്നതാണ് ഇന്നത്തെ പരിമിതി. ഒരു ജനത ഒന്നാകെ തുടച്ചുനീക്കപ്പെടുമ്പോൾ ഇസ്രായേൽ എംബസികളിലേക്ക് ഒരു മാർച്ച് പോലും സാധ്യമാകാത്തത് എന്തുകൊണ്ടാണ്? സംഘടിത തൊഴിലാളി, കർഷക പ്രസ്ഥാനങ്ങൾ അത്തരത്തിൽ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയാണെങ്കിൽ അതിന് തീർച്ചയായും ഫലമുണ്ടാകും. സാമ്രാജ്യത്വത്തിന്റെ ശക്തിയെന്നാൽ മൂലധനത്തിന്റെ ശക്തിയാണ്. അതിൽ ചെറിയ കുറവ് വരുമ്പോൾ തന്നെ അവർ വലിയ തോതിൽ പരിഭ്രാന്തരാകുമെന്നും കെ.ഇ.എൻ പറഞ്ഞു.
എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. കെ.ടി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. മിനി പ്രസാദ്, ഡോ. പി.പി. അബ്ദുൽ റസാഖ്, ഡോ. യു. ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു. ഫലസ്തീനും ഗസ്സയും സയണിസവും പ്രമേയമായ കവിത ആലാപനവും അരങ്ങേറി.
ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ശ്രദ്ധാഞ്ജലിയുമായി വനിത കലാസാഹിതി
കോഴിക്കോട്: ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് വനിത കലാസാഹിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യവും ശ്രദ്ധാഞ്ജലിയും അർപ്പിച്ചു. എസ്.കെ. പൊറ്റെക്കാട്ട് പ്രതിമക്കു സമീപം നടന്ന ചടങ്ങിൽ അജിത നമ്പ്യാർ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു.
എം.എ. ബഷീർ, ടി.എം. സജീന്ദ്രൻ, കെ. നഹിയാന ബീഗം, മൃദുല മനോമോഹൻ, ജില്ല സെക്രട്ടറി അനീസ സുബൈദ, സുമതി ഹരിഹർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങ് മുണ്ട്യാടി ദാമോദരൻ ഉദ്ഘാടനം ചെയ്തു. അജിത മാധവ്, ശ്രീജ ചേളന്നൂർ, റുക്സാന കക്കോടി, അജിത മീഞ്ചന്ത എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

