ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അവഹേളിച്ച് സി.ബി.സി.ഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി; 'ഗസ്സയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് ഭീകരവാദത്തെ വെള്ളപൂശാൻ'
text_fieldsകൊച്ചി: ഇസ്രായേലിന്റെ വംശഹത്യയിൽ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരാകുന്ന ഫലസ്തീനിലെ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവരുന്നവരെ അവഹേളിക്കുന്ന പ്രസ്താവനയുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ഗസ്സയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് അടവുതന്ത്രമാണെന്നും ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത അജണ്ടകള്‍ അണിയറയിലൊരുങ്ങുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇസ്രായേലിന്റെയും ഹമാസ് ഭീകരരുടെയും അക്രമങ്ങള്‍ക്ക് വിധേയരാകുന്ന ഫലസ്തീന്‍ ജനതക്ക് മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നേരിടുന്ന ജനസമൂഹത്തിനൊന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഭീകരപ്രസ്ഥാനങ്ങളെ പരസ്യമായി തള്ളിപ്പറയാനും സാക്ഷരസമൂഹത്തിനാകണം.
ഫലസ്തീനില്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിരന്തരം അഴിഞ്ഞാടുന്ന മതഭീകരവാദ സംഘങ്ങൾക്കെതിരെയാണ് മനസ്സാക്ഷി ഉണരേണ്ടത്. ഭീകരവാദ കൊലപാതകങ്ങള്‍ ലോകത്തുടനീളം ആവര്‍ത്തിക്കുമ്പോഴും കണ്ണടച്ച് അന്ധരായി അഭിനയിക്കുന്നവര്‍ ഗസ്സയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് അടവുതന്ത്രമായി മാത്രമേ വിലയിരുത്താനാകൂവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ കൂട്ടക്കൊല തടയുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടു -വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കൊലയെ നിശിതമായി വിമർശിച്ച് വത്തിക്കാന്‍റെ ഉന്നത നയതന്ത്രജ്ഞൻ കർദിനാൾ പിയട്രോ പരോളിൻ. ഗസ്സയിലെ കൂട്ടക്കൊല തടയുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് പിയട്രോ പരോളിൻ കുറ്റപ്പെടുത്തി. ഇസ്രായേലിന്‍റെ ആക്രമണങ്ങളെ കൂട്ടക്കൊല എന്നും മനുഷ്യത്വരഹിതം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. മാത്രമല്ല, ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്തു കർദിനാൾ.
‘നിർഭാഗ്യവശാൽ, അന്താരാഷ്ട്ര സമൂഹം ശക്തിയില്ലാത്തവരാണ്. സ്വാധീനം ചെലുത്താൻ കഴിവുള്ള രാജ്യങ്ങൾ പോലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല തടയാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നത് വ്യക്തമാണ്. ആക്രമിക്കപ്പെടുന്നവർക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, എന്നാൽ നിയമാനുസൃതമായ പ്രതിരോധം പോലും ആനുപാതികതയുടെ തത്വത്തെ മാനിക്കണം.’
‘ഒരു കഷ്ണം റൊട്ടി കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ആളുകൾ കൊല്ലപ്പെടുന്നു, വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടപ്പെടുന്നു, ആശുപത്രികളിലും ടെന്റ് ക്യാമ്പുകളിലും ബോംബാക്രമണം നേരിടുന്നു, ഇടുങ്ങിയ തിരക്കേറിയ പ്രദേശത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു... മനുഷ്യരെ വെറും ‘യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടം’ ആക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല, ന്യായീകരിക്കാനാവില്ല.’
കെട്ടിടങ്ങളും വീടുകളും തകർന്നടിഞ്ഞ പ്രദേശത്ത്, ഇതിനകം തന്നെ അരികിലേക്ക് തള്ളിവിടപ്പെട്ട പ്രതിരോധമില്ലാത്ത ഒരു ജനതയെയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത് എന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും പോപ്പ് ലിയോയുടെ ഉന്നത ഡെപ്യൂട്ടിമാരിൽ ഒരാളുമായ പരോളിൻ പറഞ്ഞു. സംഭവിക്കുന്നത് അസ്വീകാര്യമാണെന്ന് പറയുകയും പിന്നീട് അത് സംഭവിക്കാൻ അനുവദിക്കുകയും ചെയ്യരുത്. സിവിലിയന്മാർക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങൾ വിതരണം ചെയ്യുന്നത് തുടരുന്നതിന്റെ നിയമസാധുതയെക്കുറിച്ച് നമ്മൾ സ്വയം ഗൗരവമായി ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല രാജ്യങ്ങളിലും എംബസികളുള്ള വത്തിക്കാൻ, സംഘർഷങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ സംയമനം പാലിക്കുന്ന ഭാഷയാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം മെയ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലിയോ മാർപാപ്പ, ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

