പാചകവാതകം ചോർന്ന് തീപിടിച്ച് ചികിത്സയിലിരുന്ന വയോധികനും മരുമകനും മരിച്ചു
text_fieldsമൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധികനും മരുമകനും മരിച്ചു. ആയവന ചന്ദനപറമ്പിൽ തങ്കച്ചൻ (67), മകളുടെ ഭർത്താവ് റാന്നി പറയാട്ട് ഐരൂർ ജോൺ ജോസഫ് (ബിജു -36) എന്നിവരാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ബിജുവിെൻറ ഭാര്യ അനീഷ (34) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയം വീടിന് പുറത്തേക്കിറങ്ങിയതിനാൽ തങ്കച്ചെൻറ ഭാര്യ എൽസി, ബിജുവിെൻറ മക്കളായ ഐന (ആറ്) ആനിയ (മൂന്ന്) എന്നിവർ രക്ഷപ്പെട്ടു.
കഴിഞ്ഞ 29ന് ഉച്ചക്ക് ഒരുമണിയോടെ ആയവന കവലയിലുള്ള തങ്കച്ചെൻറ വീട്ടിലാണ് അപകടം. ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വിറകടുപ്പിന് സമീപം തങ്കച്ചൻ ഗ്യാസ് സിലിണ്ടർ സ്റ്റൗവിലേക്ക് ഘടിപ്പിക്കുന്നതിനിടെ വാതകം ചോർന്ന് അടുപ്പിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു. കരച്ചിൽ കേട്ട് ബിജുവും അനീഷയും ഓടിയെത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും പൊള്ളലേറ്റു. തങ്കച്ചനും ബിജുവിനുമാണ് കൂടുതൽ പൊള്ളലേറ്റത്. നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിെച്ചങ്കിലും തിങ്കളാഴ്ച രാവിലെ തങ്കച്ചനും ബിജുവും മരിച്ചു.
ബംഗളൂരിൽ നഴ്സായ അനീഷ ഗർഭിണിയായതിനെ തുടർന്ന് ജോലി രാജിെവച്ച് ഭർത്താവിനും മക്കൾക്കുമൊപ്പം ആയവനയിലെ അനീഷയുടെ തറവാട്ട് വീട്ടിലേക്ക് രണ്ടുമാസം മുമ്പാണ് എത്തിയത്. നാട്ടിൽ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു ബിജു. മൃതദേഹങ്ങൾ നിർമല മെഡിക്കൽ സെൻറർ മോർച്ചറിയിൽ. തങ്കച്ചെൻറ മറ്റൊരു മകൻ: അനൂപ്. സംസ്കാരം ചൊവ്വാഴ്ച നടക്കും.
കുടുംബെമാത്ത് കഴിയാൻ മോഹിച്ച അനീഷക്ക് തീരാനൊമ്പരം ബാക്കി
മൂവാറ്റുപുഴ: മറുനാട്ടിലെ ജോലി രാജിെവച്ച് നാട്ടിൽതന്നെ മക്കളെയും നോക്കി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നുറച്ച് മടങ്ങിവന്ന ബിജുവും അനീഷയും കരുതിയിരുന്നില്ല തങ്ങൾക്കിങ്ങിനെയൊരു വിധി ഉണ്ടാകുമെന്ന്. ഗ്യാസ് സിലിണ്ടർ വില്ലനായപ്പോൾ ഏഴുമാസം ഗർഭിണിയായ അനീഷക്ക് നഷ്ടമായത് ഭർത്താവിനെയും പിതാവിനെയുമാണ്. ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ് ആയവന ചന്ദനപറമ്പിൽ തങ്കച്ചെൻറ (67) മകളുടെ ഭർത്താവ് റാന്നി പറയാട്ട് ഐരൂർ ജോൺ ജോസഫ് (ബിജു -36) എന്നിവരാണ് മരിച്ചത്.
ഗുരുതര പൊള്ളലേറ്റ ബിജുവിെൻറ ഭാര്യ അനീഷ (34) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലെ പ്രശസ്തമായ ആശുപത്രിയിലെ നഴ്സായിരുന്നു അനീഷ. ബിജു സ്വന്തമായി ചെറിയ ബേക്കറിയും നടത്തിയിരുന്നു. ആറും മൂന്നും വയസ്സായ മക്കൾ ഐനയും ആനിയയും അനീഷയുടെ മാതാപിതാക്കളായ തങ്കച്ചെൻറയും എൽസിയുടെയും പരിചരണത്തിലായിരുന്നു. ഇതിനിടെയാണ് അനീഷ വീണ്ടും ഗർഭിണിയായത്. ഇതോടെ ഇനി നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്ത് ജീവിക്കാൻ ഉറച്ചു. അങ്ങനെയാണ് രണ്ടുമാസം മുമ്പ് അനീഷയുടെ തറവാട്ടുവീട്ടിലേക്ക് കുടുംബം മടങ്ങിയെത്തിയത്. ഇതിനിടെ, ബിജു ജോലിക്ക് ശ്രമം തുടങ്ങി. കഴിഞ്ഞദിവസം മുതൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയും ലഭിച്ചു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ഗ്യാസ് സിലിണ്ടറിൽനിന്ന് ബിജുവിനും തങ്കച്ചനും പൊള്ളലേറ്റത്.
ഉച്ചക്ക് ഒന്നോെട വീട്ടിലെ അടുക്കളയിലായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്യുകയായിരുന്ന വിറക് അടുപ്പിന് സമീപം െവച്ച് ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമായത്. തങ്കച്ചനായിരുന്നു സിലിണ്ടർ ഘടിപ്പിച്ചുകൊണ്ടിരുന്നത്. ഗ്യാസ് ചോർന്നതോടെ അടുപ്പിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റ തങ്കച്ചെൻറ കരച്ചിൽ കേട്ട് ബിജുവും അനീഷയും ഓടിയെത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും പൊള്ളലേൽക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന എൽസിയും ഐനിയും ആനിയും വെളിയിലേക്കിറങ്ങിയതിനാൽ രക്ഷപ്പെട്ടു. നാട്ടിൽ വന്ന് മക്കളെയും നോക്കി സ്വസ്ഥമായി കഴിയാനുറച്ച കുടുംബത്തിെൻറ ദുർവിധിയിൽ ആയവന ഗ്രാമം കേഴുകയാണ്.
കരുതാം, ഗ്യാസ് സിലിണ്ടറിനെ...
മൂവാറ്റുപുഴ: മേഖലയിൽ ആറുമാസത്തിനിടെ ഉണ്ടായത് എട്ട് സിലിണ്ടർ ചോർച്ച. തീപിടിത്തമുണ്ടായ സിലിണ്ടറുകളിലൊന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലന്നാണ് സൂചന. സിലിണ്ടറിൽനിന്ന് വാതകം പുറത്തേക്കുവരുന്ന ഭാഗത്ത് ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അകത്ത് വാഷറുൾപ്പെടെ ഉണ്ടായിരുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.രണ്ടുവർഷത്തിനിടെ 20 ഇടങ്ങളിൽ ഗ്യാസ് ചോർന്ന് വൻ തീപിടിത്തങ്ങളുണ്ടായി. സുരക്ഷക്കായി എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കണമെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. അടുപ്പ് കത്തിക്കുന്നതിനുമുമ്പ് സിലിണ്ടറിൽനിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം. പൊട്ടലോ, കീറലോ ഇല്ലെന്ന് ഉറപ്പു വരുത്തണം. അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കൻറുകൾക്കകംതന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം. എൽ.പി.ജിയുടെ ഉപയോഗം കഴിഞ്ഞ് ഉടൻ സിലിണ്ടറിെൻറ വാല്‍വ് അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
