പൊങ്കാല ശേഷം മാലിന്യം നീക്കൽ; കൊമ്പ് കോർത്ത് കോർപറേഷനും സർക്കാറും
text_fieldsആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മാലിന്യം നീക്കാത്ത നിലയിൽ.
ഗവ. സംസ്കൃത കോളജിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ നഗരസഭയും സംസ്ഥാന സർക്കാറും തമ്മിൽ പോര്. സംഭവത്തിൽ അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ആർ.ഡി.ഒക്ക് നിർദേശം നൽകി. മാലിന്യനീക്കം കാര്യക്ഷമമായി നടന്നുവെന്ന് മേയർ വി.വി. രാജേഷ് അവകാശപ്പെട്ടു. മുൻവർഷങ്ങളിൽ പൊങ്കാല കഴിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ തടസ്സപ്പെട്ടത് നഗരസഭയുടെ വീഴ്ചയാണെന്നാണ് ആക്ഷേം.
ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നു. ഇത് ആരോഗ്യഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാണിക്കപെടുന്നു. മുൻ വർഷങ്ങളിൽ പൊങ്കാലക്ക് പിന്നാലെ നഗരം ശുചീകരിക്കുന്നത് മാതൃകയായിരുന്നു. ഇത്തവണ നഗരസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പരിസരം, തമ്പാനൂർ, കിഴക്കേകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണം കാര്യക്ഷമമായി നടന്നു. കൂടുതൽ പേർ പൊങ്കാലയിട്ട ആറ്റുകാൽ ക്ഷേത്രവും പരിസരത്തും മറ്റ് ചിലയിടങ്ങളിലുമാണ് ശുചീകരണം പാളിയത്.
പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചാരവും റോഡരികുകളിൽ കെട്ടിക്കിടക്കുകയാണ്. പൊങ്കാലയിട്ട സ്ഥലങ്ങൾക്ക് സമീപം പലയിടത്തും ഇവ കൂട്ടിയിട്ട നിലയിലാണ്. ശുചീകരണം പരാജയപ്പെട്ടെന്ന ആക്ഷേപം വന്നതോടെ ചിലയിടങ്ങളിൽ മാലിന്യം നീക്കാൻ ശ്രമം തുടങ്ങിയെങ്കിലും പ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും മാലിന്യക്കൂമ്പാരമുണ്ട്.
പൊങ്കാലക്ക് ഉപയോഗിച്ച ചുടുകട്ടകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞിരുന്നു. കട്ടകൾ പലയിടത്തും കൂടികിടക്കുകയാണ്.
ജനലക്ഷങ്ങൾ എത്തിയ ഉത്സവശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും ഈ സാഹചര്യത്തിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താകുറിപ്പിൽ അറിയിച്ചു. പൊങ്കാലക്ക് ശേഷം ശുചീകരണ കാര്യങ്ങൾ ഭംഗിയായി നടന്നുവെന്നാണ് മന്ത്രി പറഞ്ഞതെന്ന് മേയർ വി.വി. രാജേഷ് ചൂണ്ടികാട്ടുന്നു.
അതിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നുള്ള സമ്മർദമാണ് ഇങ്ങിനെയൊക്കെ പറയാൻ പ്രേരിപ്പിക്കുന്നതെന്ന് രാജേഷ് ആരോപിച്ചു. 45 വർഷമായി കൈയിലിരുന്ന അധികാരം നഷ്ടപെട്ടതിന്റെ പ്രശ്നമുണ്ടാകാം. കോർപറേഷൻ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

