ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപമുള്ള മാലിന്യകൂമ്പാരം അടിയന്തരമായി നീക്കണം-മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപം ആകാശവാണിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തുള്ള മാലിന്യ കൂമ്പാരം പൂർണമായി നീക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. നഗരസഭാ സെക്രട്ടറിക്കും ആകാശവാണി ഡയറക്ടർക്കും കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
ഇക്കാര്യത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പാസാക്കിയ ഉത്തരവ് യഥാക്രമം നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ആകാശവാണിയുടെ സ്ഥലത്തുള്ള മാലിന്യ നിക്ഷേപ ഭീഷണി ഇല്ലാതാക്കാൻ നഗരസഭാ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, നഗരസഭാ എഞ്ചിനീയർ, ആകാശവാണി ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി, അസിസ്റ്റന്റ് കമീഷണർ എന്നിവരടങ്ങിയ ഒരു സമിതിക്ക് രൂപം നൽകണമെന്നും കൃത്യമായ ഇടവേളകളിൽ സമിതി യോഗം ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മാലിന്യം നിക്ഷേപിച്ച് കുഞുങ്ങളുടെ ആരോഗ്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ സ്ഥലത്ത് , പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കൃത്യമായ പോലീസ് പരിശോധന ഉറപ്പാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സ്ഥലത്ത് സി.സി. ടി വി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ ദൃശ്യം പൊലീസിന് കൈമാറണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആകാശവാണിക്ക് നിർദേശം നൽകി. ദൃശ്യം കിട്ടിയാൽ പൊലീസ് നടപടിയെടുക്കണം.
മാലിന്യ നിക്ഷേപം നീക്കുന്ന നടപടിയുടെ പുരോഗതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വിലയിരുത്തണം. നഗരസഭയും ആകാശവാണിയും അഭിപ്രായ വൃത്യാസങ്ങൾ മാറ്റി വച്ച് പ്രവർത്തിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

