മാഹിയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച ശേഷം കള്ളനോട്ട് നൽകി; നാലംഗ സംഘം റിമാൻഡിൽ
text_fieldsപെട്രോൾ പമ്പിൽ വ്യാജ നോട്ട് നൽകിയ കേസിൽ റിമാൻഡിലായ നാദാപുരം വളയം സ്വദേശികളായ സായന്ത്, അക്ഷയ്, ഷിജിത്ത്, തൂണേരി സ്വദേശി രജിത്ത് എന്നിവർ. ഉൾച്ചിത്രത്തിൽ പ്രതികൾ നൽകിയ കള്ളനോട്ട്
മാഹി: പള്ളൂർ ഗ്രാമത്തിയിലെ പെട്രോൾ നിറച്ച് കള്ളനോട്ട് നൽകി കബളിപ്പിച്ച് കടന്നുകളഞ്ഞ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. നാദാപുരം വളയം സ്വദേശികളായ സായന്ത്, (26) അക്ഷയ്, (27) ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരെ മാഹി സി.ഐ പി.എ.അനിൽ കുമാർ, പള്ളൂർ എസ്.ഐ റീനാ മേരി ഡേവിഡ് എന്നിവരടങ്ങുന്ന സംഘം നാദാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 10 ന് ഗ്രാമത്തി പെട്രോൾ പമ്പിൽ ഇന്നോവ കാറുമായെത്തി ഡീസൽ നിറച്ച് വ്യാജ 500 രൂപയുടെ നോട്ട് നൽകുകയായിരുന്നു. 600 രൂപയ്ക്കാണ് ഡീസൽ ആവശ്യപ്പെട്ടത്. 500 രൂപ വ്യാജ നോട്ടിന്റെ കൂടെ 100 രൂപയും ചേർത്ത് പെട്രോൾ പമ്പിലെ ജീവനക്കാരന് നൽകുകയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ നോട്ടാണ് പമ്പിൽ നൽകിയത്.
തിരക്ക് കുറഞ്ഞ സമയത്ത് ജീവനക്കാരൻ നോട്ടുകൾ അടുക്കി വെക്കുന്നതിനിടയിലാണ് വ്യാജ 500 രൂപയുടെ നോട്ട് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ജീവനക്കാർ മാനേജരുമായി ബന്ധപ്പെട്ട് പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇന്നോവ കാർ കണ്ടെത്തിയത്. പെട്രോൾ പമ്പ് മാനേജർ പള്ളൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ 13,000 രൂപ പണി സ്ഥലത്ത് നിന്ന് കൂലി ലഭിച്ചതിലുള്ള നോട്ടുകളാണെന്നാണ് പറഞ്ഞത്. ഇവർ ടൈൽസ് പണിക്ക് പുറമെ ബസ്സിലും ജോലി ചെയ്യുന്നുണ്ട്.
പള്ളൂരിലെ മദ്യശാലയിലും ബേക്കറിയിലും ചൊക്ലിയിലെ മറ്റൊരു പെട്രോൾ പമ്പിലും വ്യാജ നോട്ട് നൽകി കബളിപ്പിച്ചതായി കണ്ടെത്തി. മാഹി കോടതി നാലു പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

