പശുവിനെ വെടിവെച്ചുകൊന്ന് മാംസം കടത്തിയ സംഘം പിടിയിൽ
text_fieldsRepresentational Image
ആമ്പല്ലൂർ (തൃശൂർ): പശുവിനെ വെടിവെച്ചുകൊന്ന് മാംസം ചാക്കുകളിലാക്കി കടത്തിയ അന്തർജില്ല വേട്ടസംഘത്തെ വരന്തരപ്പിള്ളി പൊലീസ് പിടികൂടി. ഇവരിൽനിന്ന് ലൈസൻസില്ലാത്ത തോക്കും 40 തിരകളും മൂന്നു ചാക്ക് പശു ഇറച്ചിയും പിടികൂടി.
പാലക്കാട് തിരുവേഗപ്പുറ പുളിക്കൽ ഫിറോസ് (42), വരന്തരപ്പിള്ളി നാടാംപാടം തറയിൽ റോയ് (52), വരന്തരപ്പിള്ളി പൗണ്ട് കുളങ്ങരപറമ്പിൽ ഷാനു (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച ഓട്ടോറിക്ഷയും ബൈക്കും കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ രാത്രി പട്രോളിങ്ങിനിടെ തിങ്കളാഴ്ച പുലർച്ചെ പുലിക്കണ്ണിയിലാണ് ഇവർ പിടിയിലായത്. പാലപ്പിള്ളി മേഖലയിലെ റബർതോട്ടങ്ങളിൽ അലഞ്ഞുനടക്കുന്ന പശുവിനെയാണ് സംഘം വെടിവെച്ചുകൊന്ന് ഇറച്ചിയാക്കിയത്.
പശുവിന്റെ മാംസം ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു. ഫിറോസ്, റോയ്, അബു താഹിർ എന്നിവരാണ് ഓട്ടോറിക്ഷയിൽ മാംസവും തിരകളും കടത്തിക്കൊണ്ടുവന്നത്. ഷാനുവും പ്രായപൂർത്തിയാകാത്ത കുട്ടിയും ഇവർക്ക് വിവരങ്ങൾ നൽകുന്നതിനായി ബൈക്കിൽ മുന്നിൽ പോയിരുന്നു. മാംസം വന്യജീവിയുടേതാണോ എന്നറിയാൻ പാലപ്പിള്ളി ഫോറസ്റ്റ് അധികൃതർ പരിശോധിച്ചതിൽനിന്നാണ് പശുവിന്റേതാണെന്ന് കണ്ടെത്തിയത്. പിന്നീട് വരന്തരപ്പിള്ളി വെറ്ററിനറി ഡോക്ടർ ദേവിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതിലാണ് പശുവിനെ വെടിവെച്ചുകൊന്നതാണെന്ന് തെളിഞ്ഞത്. ഷാനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാലു കുപ്പി പന്നി നെയ്യ്, ഇരുമ്പുവാൾ, പെല്ലറ്റുകൾ എന്നിവയും ലക്ഷം രൂപയും അബു താഹിറിന്റെ വീട്ടിൽനിന്ന് തോക്കും തിരകളും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

