യുവാവിനെ മർദിച്ച് വിഡിയോ പകർത്തി പണം തട്ടാൻ ശ്രമം; ആറംഗസംഘം അറസ്റ്റിൽ
text_fieldsഅജ്മൽ, റഈസ്, സമദ്, ഫർഹാൻ, അനന്ദു, മുഹമ്മദ് ഷിബിനു സാലി
കാക്കനാട് (കൊച്ചി): ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ മർദിച്ച് വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ. കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), കണ്ണൂർ കുഴിവച്ചൽ അടിയോട് വീട്ടിൽ റഈസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിലിൽ സമദ് (27), മലപ്പുറം നിലമ്പൂർ കീരിയത്തുവീട്ടിൽ ഫർഹാൻ (23), നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്ദു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് ഷിബിനു സാലി (23) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഇടപ്പള്ളി സ്വദേശിയെ ഡേറ്റിങ് ആപ് വഴി പ്രതികൾ താമസിച്ചിരുന്ന പടമുഗൾ തൊട്ടിയമ്പലത്തിന് സമീപത്തെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി മർദിച്ച് 50,000 രൂപ വില വരുന്ന ഫോൺ കൈക്കലാക്കുകയായിരുന്നു. തുടർന്ന്, സ്വവർഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വിഡിയോ പകർത്തുകയും ചെയ്തു. ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങളും ഫോണിലെ മറ്റ് കാര്യങ്ങളും വാട്സ് ആപ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി.
പണം നൽകാം എന്ന് സമ്മതിച്ചതോടെയാണ് വിട്ടയച്ചത്. പണം പ്രതീക്ഷിച്ച് പ്രതികൾ ഹോസ്റ്റലിൽ താമസം തുടർന്നു. വീട്ടിലെത്തിയ യുവാവ് പിതാവിനോട് കാര്യങ്ങൾ പറഞ്ഞതിനെത്തുടർന്ന് കുടുംബം തൃക്കാക്കര പൊലീസ് കമീഷണർ പി.വി. ബേബിക്ക് പരാതി നൽകി. തൃക്കാക്കര പൊലീസ് പടമുഗൾ ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ കെണ്ടത്തി.
തുടർന്ന്, സമീപത്തെ ഹോസ്റ്റലിൽനിന്ന് ആറ് പേരെയും പിടികൂടുകയായിരുന്നു. മൂന്നുദിവസമായി ഇവർ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു.
ഇവരിൽനിന്ന് 10 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. സംഘം സമാന തട്ടിപ്പുകൾ മുമ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. തൃക്കാക്കര ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

