ഗണേഷ് കുമാറിന്റെ മന്ത്രിസഭ പ്രവേശനം പ്രതിസന്ധിയിൽ
text_fieldsകൊല്ലം: രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കെ മന്ത്രിസഭ പുനഃസംഘടന ചർച്ചയാകുന്നു. പ്രത്യേകിച്ച് കെ.ബി. ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും മന്ത്രിസഭ പ്രവേശനമാണ് ചർച്ചയാകുന്നത്.
മന്ത്രിസഭയിലെ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജുവിന് പകരം കേരള കോൺഗ്രസ് (ബി)യുടെ ഗണേഷ് കുമാറും ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് പകരം കോൺഗ്രസിന്റെ (എസ്) കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നതാണ് നേരത്തേയുള്ള ധാരണ.
എന്നാൽ, ഗണേഷ് കുമാറിന്റെ മന്ത്രിസഭ പ്രവേശനം പ്രതിസന്ധിയിലാണ്. പത്തനാപുരത്തിന്റെ പേരിലും അല്ലാതെയും കുറേനാളായി ഭരണപക്ഷവുമായി ഇടഞ്ഞ നിലയിലാണ് ഗണേഷ്. ലഭ്യമാകുന്ന അവസരങ്ങളിലൊക്കെയും സർക്കാറിനെതിരെ സംസാരിക്കുന്ന ഗണേഷിനോട് മുഖ്യമന്ത്രിയും നീരസത്തിലാണ്.
പത്തനാപുരത്തെ വീട്ടമ്മക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ ഡോക്ടർമാർ വീഴ്ചവരുത്തിയ സംഭവം നിയമസഭയിൽ ഉന്നയിച്ചത് വിവാദമായിരുന്നു. കൊട്ടാരക്കര ആശുപത്രിയിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദനദാസ് മരിച്ച സംഭവത്തിലും ആരോഗ്യവകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും കെടുകാര്യസ്ഥതക്കെതിരെ ഗണേഷ് ആഞ്ഞടിച്ചിരുന്നു.
ഗൾഫ് സന്ദർശിച്ചപ്പോൾ കൈയിലുള്ള പണം ബാങ്കിൽ കിടക്കുന്നതാണ് നല്ലതെന്നും നാട്ടിൽ നിക്ഷേപിച്ചാൽ അത് പോക്കാണെന്ന് പറഞ്ഞതും വിവാദമായി. കേരളം വ്യവസായ സൗഹൃദമല്ലെന്ന ഭരണകക്ഷി എം.എൽ.എയുടെ സാക്ഷ്യപ്പെടുത്തലായാണ് അത് വിലയിരുത്തപ്പെട്ടത്. പത്തനാപുരത്തെ സർക്കാർ പരിപാടികളിൽ ഗണേഷ് സജീവമല്ല. സി.പി.ഐ തീർത്തും അദ്ദേഹത്തെ അവഗണിച്ച നിലയിലാണ്.
നവമാധ്യമങ്ങളെയാണ് ഗണേഷ് ഉപയോഗപ്പെടുത്തുന്നത്. അതിൽ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രിയെ വിമർശിക്കാൻ അദ്ദേഹം മടികാണിക്കാറില്ല.
വിമർശനങ്ങളോട് സഹിഷ്ണുത പുലർത്താത്ത മുഖ്യമന്ത്രി ഈ സാഹചര്യത്തിൽ ഗണേഷിന് മന്ത്രി സ്ഥാനം നൽകുമോ എന്നതാണ് സംശയം. ഗണേഷിന്റെ കുടുംബസ്വത്ത് സംബന്ധിച്ച സഹോദരിയുമായുള്ള തർക്കമാണ് ആദ്യ ടേം മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം. ഈ കേസ് കോടതിയിലാണ്.
അതിന്റെ പേരുപറഞ്ഞാകും ഇക്കുറിയും മന്ത്രി സ്ഥാനം നിഷേധിക്കുക. സെക്കൻഡ് ടേം മന്ത്രിസ്ഥാനത്തോട് അദ്ദേഹം നേരത്തേതന്നെ അതൃപ്തനായിരുന്നു. മന്ത്രി ആകുന്നതിനെക്കാൾ പത്തനാപുരത്തിന്റെ ജനപ്രതിനിധിയാകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഗണേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അധികാരത്തിനായി കടിച്ചുതൂങ്ങാനോ മറ്റാർക്കെങ്കിലുമൊക്കെ വേണ്ടി വായ്ത്താരി പാടാനോ ഇല്ല. മന്ത്രിസ്ഥാനം തന്നാൽ സ്വീകരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല -അദ്ദേഹം നിലപാട് വ്യക്തമാക്കി.ഇതിനിടെ, ഗണേഷ് യു.ഡി.എഫിലേക്ക് തിരിച്ചുപോകുമെന്ന ചർച്ച സജീവമാണ്.
എൻ.എസ്.എസ് ഇപ്പോൾ യു.ഡി.എഫുമായാണ് അടുത്തുനിൽക്കുന്നത്. എൻ.എസ്.എസ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗണേഷ് യു.ഡി.എഫിന്റെ ഭാഗമാകുന്നതാണ് അവർക്കിഷ്ടം. ഗണേഷ് ഏതുപക്ഷത്തെന്നത് നാലുമാസത്തിനകം വ്യക്തമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.