‘ചട്ടമ്പിസ്വാമിയെ അവഗണിക്കുന്നയാളാണ് എൻ.എസ്.എസ് തലപ്പത്ത് കയറിയിരിക്കുന്നത്, സ്വജനപക്ഷപാതം അംഗീകരിക്കാനാകില്ല’; സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ്കുമാർ
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ തുറന്നടിച്ച് കെ.ബി. ഗണേഷ്കുമാർ. ചട്ടമ്പിസ്വാമിയെ അവഗണിക്കുന്നയാളാണ് എൻ.എസ്.എസ് തലപ്പത്ത് കയറിയിരിക്കുന്നതെന്നും സ്വജനപക്ഷപാതത്തിനുള്ള സ്ഥലമല്ല നായർ സർവീസ് സൊസൈറ്റിയെന്നും ഗണേഷ്കുമാർ പറഞ്ഞു.
സ്വജനപക്ഷപാതം അംഗീകരിക്കാൻ കഴിയില്ല. മന്നത്താചാര്യൻ അദ്ദേഹത്തിന്റെ കൊച്ചുമകൾക്ക് ജോലി കൊടുത്തിട്ടില്ല. അതാണ് അന്തസ്സ്. ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടി തുറന്നുകൊടുക്കാൻ വേണ്ടി നടത്തിയ യാത്ര പോലെ മന്നത്ത് ആചാര്യന്റെ സ്മൃതിമണ്ഡപം എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ വൈക്കത്തു നിന്നും ഒരു ജാഥ ചങ്ങനാശ്ശേരിയിലേക്ക് നടത്തേണ്ടിയിരിക്കുന്നു. അന്തസ്സില്ലായ്മക്കെതിരെ പോരാടുകയും വേണം.
ചായക്കട നടത്തിയിരുന്ന നായന്മാരെ ഫൈവ് സ്റ്റാർ നടത്തുന്നതിലേക്ക് കൈപിടിച്ചുയർത്തിയ മന്നത്ത് പത്മനാഭന്‍റെ പേരിൽ ചായക്കട തുടങ്ങിയിരിക്കുകയാണ്. ഇത് മന്നത്തിന് നാണക്കേടല്ലേ. എം.എസ്.സി പരീക്ഷയിൽ റാങ്ക് കിട്ടിയ ആദ്യ വനിതയായ ഓമനക്കുഞ്ഞമ്മയെ വിളിച്ചുവരുത്തി ആദരിച്ചയാളാണ് മന്നത്ത് പത്മനാഭൻ.
ഇവിടെ നായരായ എസ്. സോമനാഥൻ ഐ.എസ്.ആർ.ഒ ചെയർമാനായപ്പോൾ കണ്ട ഭാവം നടിച്ചില്ല. വൈക്കം കരയോഗം ആദ്യം കയറി അദ്ദേഹത്തെ അനുമോദിച്ചു. അതുകൊണ്ട് അദ്ദേഹത്തെ ഇവിടെ കയറ്റില്ല എന്നതാണ് ന്യായം. ഇപ്പോഴത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ പത്തനാപുരത്തുകാരനായ നായരാണ്. കണ്ടതായിട്ട് നടിച്ചോ? ഇതിനിടെ മോഹൻലാലിനെ വിളിച്ചുകൊണ്ടുപോയി. സിനിമാനടനെ കാണാൻ ആളുകൾ തടിച്ചുകൂടുന്നത് സ്വാഭാവികമല്ലേ. ഈ ആൾക്കൂട്ടം കണ്ടപ്പോഴത്തേക്ക് വലിയ ഇളക്കമായി. മോഹൻലാലിനെപ്പോലെ ഒരു 10-20 വയസ്സുള്ളപ്പോൾ അങ്ങ് അഭിനയം തുടങ്ങിയാൽ പോരായിരുന്നോ? എന്തിനാ അവിടെ ഇരുന്ന് ഈ കുഴപ്പമൊക്കെ ഉണ്ടാക്കുന്നത്.
നാരായണപ്പണിക്കരുടെ ബന്ധുവാണ് നന്ദുഗോവിന്ദം ഭജൻസിലെ പയ്യൻ. അതറിയാതെ വിളിച്ചുകൊണ്ടുവന്നു. പിന്നെയാണ് ബന്ധുവാണെന്നറിഞ്ഞത്. ഓഡിയൻസ് കൂടെ പാടാൻ സമ്മതിക്കില്ലെന്നായി. അവരുടെ ഭജനയുടെ രീതി തന്നെ എല്ലാവരും ചേർന്ന് പാടുന്നതാണ്. പണിക്കരുടെ ബന്ധുവാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു കാരണവശാലും അവിടെ കയറ്റില്ലായിരുന്നു. ഒൻപതരക്ക് പാട്ട് തുടങ്ങി, പത്തരക്ക് പാട്ട് നിർത്തിച്ചു. ഈവക ഗോഷ്ടികളാണ് നമ്മൾ കാണുന്നത്. എല്ലാം ആചാര്യന്റെ കെയർ ഓഫിലാണെന്നും ഗണേഷ്കുമാർ പറഞ്ഞു. നായർ സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പരാമർശങ്ങൾ. ചടങ്ങ് ആദ്യം നിശ്ചയിച്ചത് മന്നം ക്ലബിലായിരുന്നുവെങ്കിലും പിന്നീട് പ്രസ്ക്ലബിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

