ഗണേഷ് കുമാർ സ്വന്തം അച്ഛനെതിരെ പറഞ്ഞയാൾ -ജി. സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരിഹാസ രൂപേണയുള്ള വിമർശനത്തിന് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്ഥാനമാനങ്ങളെല്ലാം നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. 64 വർഷമായി ഞാൻ എൻ.എസ്.എസിൽ പ്രവർത്തിക്കുന്നു. ആര് വിചാരിച്ചാലും കണ്ടെത്താൻ കഴിയുന്ന ഒരുതെറ്റും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞയാളാണ് ഗണേഷ്. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പിരിച്ചുവിടേണ്ടി വന്നാൽ വൈകുന്നേരം അല്ല രാത്രിയിൽ ആയാൽ പോലും ചെയ്യും. അതിന് തക്ക കാരണവും ഉണ്ടാവും. എൻ.എസ്.എസിനെയും ജനറൽ സെക്രട്ടറിയെയും സ്നേഹിച്ചുവേണം ജീവിക്കാനെന്നാണ് അച്ഛൻ ഉപദേശിച്ചതെന്ന് ഗണേശ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇപ്പോൾ എന്താണ് അയാൾ ചെയ്യുന്നത്. കുറച്ചുപേർ എൻ.എസ്.എസിനെ തകർക്കാൻ കോടതികളിൽ കയറിയിറങ്ങുന്നുണ്ട്. അവരുടെ വാലായാണ് ഗണേഷ് കുമാർ പ്രവർത്തിക്കുന്നത്.
എൻ.എസ്.എസ് സ്ഥാപനങ്ങളിൽ നിയമാനുസൃതമായി മാത്രമേ നിയമനം നടന്നിട്ടുള്ളൂ. ആക്ഷേപമുള്ളവർ കേസ് കൊടുക്കട്ടെ. അനധികൃതമായി ഒരാൾക്കും നിയമനം കൊടുത്തിട്ടില്ല. എന്റെ കുടുംബത്തിൽനിന്ന് മാത്രം നിയമനം കൊടുക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. മന്നം സമാധിയിലേക്ക് ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ല. ഉപരാഷ്ട്രപതി സന്ദർശനത്തിന് വന്നപ്പോൾ സമാധിയിൽ നായയെ കയറ്റി പരിശോധിക്കണമെന്ന് പറഞ്ഞു. ഞങ്ങൾ ക്ഷേത്രത്തിന് തുല്യമായി ആരാധിക്കുന്ന സ്ഥലമാണ്. അതുകൊണ്ടാണ് പറ്റില്ല എന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

