‘ബഹു. മുഖ്യമന്ത്രിയുടെ ഗാന്ധി ജയന്തി സന്ദേശം ഒക്ടോ. രണ്ടിന് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം’; തുടർ അവധികൾക്കിടയിൽ വിചിത്ര സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
text_fields1. പിണറായി വിജയൻ. 2. വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിചിത്ര സർക്കുലറുമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതു അവധി ദിനമായ ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അച്ചടിച്ച ഗാന്ധി ജയന്തി ദിന സന്ദേശത്തിന്‍റെ 21 ലക്ഷം കോപ്പികൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ മുഴുവൻ സ്കൂളുകളിലും വിതരണം ചെയ്യണമെന്നാണ് സർക്കുലറിലെ നിർദേശം. ഇത് കുട്ടികളിൽ എത്തിയെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പ്രത്യേകം നിഷ്‍കർഷിക്കുന്നുണ്ട്.
സെപ്റ്റംബർ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച സർക്കുലറിൽ മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്നതിനായി അടിയന്തര നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 29ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി കൈമാറിയ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
'ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ സ്കൂൾ കുട്ടികൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രി തയാറാക്കിയ സന്ദേശത്തിന്‍റെ അച്ചടിച്ച 21 ലക്ഷം കോപ്പികൾ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി ലഭ്യമാക്കുന്നതാണ്' -ഇതായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.
എന്നാൽ, ഒക്ടോബർ ഒന്നിന് മഹാനവമിയും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയും പൊതു അവധിയായിരിക്കെ വിദ്യാർഥികൾക്ക് എങ്ങനെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കുമെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലെ മഹാനവമി, ഗാന്ധി ജയന്തി അവധികൾ സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. സെപ്റ്റംബർ 27, 28 യഥാക്രമം ശനി, ഞായർ ദിവസങ്ങളായതിനാൽ സ്കൂളുകൾ സാധാരണ പ്രവർത്തിക്കാറില്ല.
കൂടാതെ, ദുർഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് പൊതു അവധിയാക്കി സെപ്റ്റംബർ 26 വെള്ളിയാഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഫലത്തിൽ സെപ്റ്റംബർ 29 തിങ്കളാഴ്ച മാറ്റിനിർത്തിയാൽ സെപ്റ്റംബർ 27, 28, 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളുകൾ പ്രവർത്തിക്കില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ ഗാന്ധി ജയന്തി ദിന സന്ദേശം സ്കൂൾ പ്രവൃത്തി ദിനമായ സെപ്റ്റംബർ 26 വെള്ളിയാഴ്ചയോ സെപ്റ്റംബർ 29 തിങ്കളാഴ്ചയോ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ടിയിരുന്നു. തുടർച്ചയായ അവധി ദിനങ്ങളായതിനാൽ പല വിദ്യാർഥികളും ബന്ധുവീടുകളിലോ യാത്രകളോ പോകാൻ സാധ്യതയേറെയാണ്. അതിനാൽ, ഗാന്ധി ജയന്തി അവധി കഴിഞ്ഞ് ഒക്ടോബർ മൂന്നിന് സ്കൂൾ തുറക്കുമ്പോൾ മാത്രമേ മുഖ്യമന്ത്രിയുടെ സന്ദേശം ഇനി വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ സാധിക്കൂ.
അവധി ദിനങ്ങൾ മുൻകൂട്ടികണ്ട് അച്ചടിച്ച സന്ദേശം നേരത്തെ തന്നെ സ്കൂളുകളിൽ എത്തിച്ച് വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വ്യക്തമാണ്. അതോടെ സർക്കുലറിൽ നിർദേശിക്കുന്നതുപോലെ 21 ലക്ഷം കോപ്പികൾ സമയബന്ധിതമായി കുട്ടികളിലെത്തിക്കുകയെന്നത് സാധ്യമാകില്ലെന്നുറപ്പാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ അടിയന്തര നിർദേശങ്ങൾ:
*വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ അവരുടെ അധികാര പരിധിയിലുള്ള എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മുഖേന സന്ദേശം കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
*ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സന്ദേശം ലഭ്യമാക്കുന്നതിന് യഥാക്രമം ഉറപ്പാക്കാൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരും അസിസ്റ്റന്റ് ഡയറക്ടർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
*ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് ഒക്ടോബർ 2ന് എല്ലാ ഓഫിസർമാരും അവരുടെ അധികാര പരിധിയിലുള്ള സ്കൂളുകളിൽ സന്ദേശങ്ങളുടെ വിതരണം ഉറപ്പാക്കുകയും ഓരോ വിദ്യാർഥിക്കും ലഭിച്ചുവെന്ന് ഉറപ്പാക്കുകയും വേണം.
*മുഖ്യമന്ത്രിയുടെ സന്ദേശം താമസംവിനാ സ്കൂളുകളിൽ ലഭ്യമാക്കുന്നതിനായി വകുപ്പിലെ വാഹനങ്ങളുടെ ലഭ്യത ജില്ലാതലത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തേണ്ടതാണ്. എസ്.എസ്.കെ, ഡയറ്റ്, വിദ്യാകിരണം എന്നിവയുടെ വാഹന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

