'ഇന്ത്യൻ ചരിത്രത്തിൽ ഗാന്ധി പ്രതിമകൾക്ക് നേരെ ഏറ്റവുമധികം ആക്രമണങ്ങൾ നടത്തിയവർ കമ്യൂണിസ്റ്റുകാരാണ്, ഗോഡ്സെയെ ആരാധിക്കുന്നവനും ഗാന്ധിയെ വെറുക്കുന്നവരും തീവ്രവാദികളാണ്'
text_fieldsകണ്ണൂർ: ഗാന്ധിയുടെ ഘാതകൻ ഗോഡ്സെക്ക് അമ്പലം പണിയുന്നവർ സംഘപരിവാർ ആണെങ്കിൽ ഇന്ത്യൻ ചരിത്രത്തിൽ ഗാന്ധിയുടെ പ്രതിമകൾക്ക് നേരെ ഏറ്റവുമധികം ആക്രമണങ്ങൾ നടത്തിയവർ കമ്യൂണിസ്റ്റുകാരാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്.
ഗോഡ്സെയെ ആരാധിക്കുന്നവനും ഗാന്ധിയെ വെറുക്കുന്നവനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും രണ്ടും തീവ്രവാദികളാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ചിറകിന്റെ നിറം മാറ്റിയാൽ പക്ഷിയുടെ സ്വഭാവം മാറില്ലെന്നും വലത് ചിറകായാലും ഇടത് ചിറകായാലും ഗാന്ധിജിയുടെ മരണം ആഘോഷിക്കുന്നവനും ഗാന്ധിജിയുടെ പ്രതിമ തകർക്കുന്നവനും നമ്മുടെ രാജ്യത്തിന്റെ നന്മയുടെയും മൂല്യങ്ങളുടെയും ആത്യന്തിക ശത്രുവാണെന്നും താര ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് സി.പി.എം തകർത്ത ഗാന്ധി സ്തൂപത്തിന് പകരം മലപ്പട്ടം സെന്ററിൽ പുതിയ ഗാന്ധി പ്രതിമ തിങ്കാളാഴ്ചയാണ് ഡി.സി.സി സ്ഥാപിച്ചത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തിയതിന് ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അഹിംസാ മാർഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വർഗീയ ശക്തികൾ വധിച്ചപ്പോൾ മറ്റൊരു കൂട്ടർ ഗാന്ധി പ്രതിമകളുടെ തലവെട്ടി മാറ്റുകയാണെന്ന് ഗാന്ധി പ്രതിമ അനാഛാദനച്ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി അടുവാപ്പുറത്തെ പി.ആർ.സനീഷിന്റെ വീട്ടുപറമ്പിൽ കഴിഞ്ഞ ഫെബ്രുവരി 16ന് അനാഛാദനം ചെയ്ത ഗാന്ധിസ്തൂപം മേയ് 6നു രാത്രിയാണു സി.പി.എം പ്രവർത്തകർ പ്രകടനമായെത്തി തകർത്തത്. പിറ്റേന്നു യൂത്ത് കോൺഗ്രസ് അടുവാപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി സി.പി.എം പ്രവർത്തകർ തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. തകർത്ത സ്തൂപം നിലനിന്ന സ്ഥലത്ത് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കെ.സുധാകരൻ എംപി സ്തൂപം നിർമാണത്തിനു വീണ്ടും ശിലാസ്ഥാപനം നടത്തി പണി തുടങ്ങി.
സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി 14നു അടുവാപ്പുറത്തുനിന്നു മലപ്പട്ടം ടൗണിലേക്കു നടത്തിയ നയിച്ച ജനാധിപത്യ അതിജീവനയാത്രയ്ക്കിടെ സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. നിർമാണം നടക്കുന്ന സ്തൂപം രാത്രി സി.പി.എം പ്രവർത്തകർ വീണ്ടും തകർത്തു. തുടർന്ന് കെ.പി.സി.സിയുടെ നിർദേശപ്രകാരം ഡി.സി.സി മുൻകൈയെടുത്ത് വീണ്ടും പ്രതിമ സ്ഥാപിക്കുകയായിരുന്നു.
ശ്രീകണ്ഠപുരം-മയ്യിൽ റോഡരികിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി.രാധാകൃഷ്ണന്റെ പിതാവ് കെ.സി.കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ സൗജന്യമായി നൽകിയ സ്ഥലത്താണു വെങ്കലം പൂശിയ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

