‘ഒരു കാര്യം ഓർത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയർന്നിരിക്കും’; സി.പി.എം നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ ഭീഷണിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മലപ്പട്ടത്ത് ഗാന്ധിസ്തൂപം ഉയർന്നിരിക്കുമെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗാന്ധി സ്തൂപം ഉണ്ടാക്കാൻ നീ മിനക്കെടണ്ട”. പറയുന്നത് ബിജെപി നേതാവല്ല ആർഎസ്സ്എസ്സിന്റെ തന്നെ മറ്റൊരു രൂപമായ സിപിഎമിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണ്…
നാണമില്ലേടോ സംഘി....
ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും.
കണ്ണൂരിൽ നടത്തിയ പാർട്ടി പരിപാടിയിലാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് ഭീഷണി പ്രസംഗം നടത്തിയത്. വീട്ടിന്‍റെ മുമ്പിലോ അടുക്കളയിലോ ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിനോടായി നേതാവ് പറഞ്ഞത്. നല്ലതുപോലെ ആലോചിച്ചോ, അഡുവാപ്പുറത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കി പാർട്ടിയെ ശരിപ്പെടുത്തി കളയാമെന്നാണോ എന്നും സി.പി.എം നേതാവ് ചോദിച്ചു.
മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ് -സി.പി.എം സംഘർഷമുണ്ടായിരുന്നു. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അഡുവാപ്പുറത്ത് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ജനാധിപത്യ അതിജീവന യാത്ര സംഘടിപ്പിച്ചിരുന്നു. കാൽനടയാത്ര കെ. സുധാകരൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.
അഡുവാപ്പുറത്ത് നിന്നാരംഭിച്ച യൂത്ത് കോൺഗ്രസ് കാൽനടയാത്ര സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുമ്പിലെത്തിയതോടെയാണ് സംഘർഷമുണ്ടായി. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും എറിയുകയായിരുന്നു. സമ്മേളനം അവസാനിച്ച് രാഹുൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി.
ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. ഇതോടെ രാഹുല്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാത്രിയിലാണ് നിർമാണത്തിലിരുന്ന ഗാന്ധി സ്തൂപം തകർക്കപ്പെട്ടത്.
അതേസമയം, ധീരജിനെ കൊന്ന കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന പ്രകോപന മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതെന്നും ആ കത്തിയുമായി മലപ്പട്ടത്ത് വന്നാൽ നിങ്ങൾക്കൊരു പുഷ്പചക്രം ഞങ്ങൾ ഒരുക്കിവെക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കോൺഗ്രസ് മലപ്പട്ടത്ത് ആക്രമണം നടത്തിയെന്നാരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഗേഷ്.
പാർട്ടി ഓഫിസ് ആക്രമിച്ച് ഇവിടെ നിന്ന് നിങ്ങൾക്ക് പോകാൻ കഴിഞ്ഞത് സി.പി.എമ്മിന്റെ ഔദാര്യം കൊണ്ടു മാത്രമാണ്. അഡുവാപ്പുറത്തെ സ്തൂപം തകർത്തതിൽ നിന്നാണ് മലപ്പട്ടത്തെ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
അതിനു മുമ്പ് കോൺഗ്രസ് മാർച്ചിൽ അഡുവാപ്പുറത്തെ കോൺഗ്രസ് നേതാവ് കാണിച്ച അക്രമം മറന്നുപോകരുത്. മുഖ്യമന്ത്രിയുടെ ഫ്ലക്സ് തകർത്താൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അൽപം ചിന്തിക്കേണ്ടിവരുമെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

