ഗാന്ധിച്ചിത്രം തകർത്ത കേസ്; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് വി.ഡി. സതീശൻ
text_fieldsകൽപറ്റ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളോടെ ജില്ലയിൽ സി.പി.എം- കോൺഗ്രസ് പോര് ശക്തിപ്പെടാൻ വഴിയൊരുങ്ങുന്നു. രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫിസിൽ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയ സമയത്ത് ഗാന്ധിച്ചിത്രം തകർക്കപ്പെട്ട കേസിൽ നാല് കോൺഗ്രസുകാരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റുചെയ്തതോടെ കലുഷിതമായ ജില്ലയിലെ രാഷ്ട്രീയ രംഗം ശനിയാഴ്ചത്തെ പ്രതിപക്ഷ നേതാവിന്റെ സന്ദർശനത്തോടെ കൂടുതൽ സമരോന്മുഖമാവുകയാണ്.
കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുമെന്നും തുടർ ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഡി.സി.സി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ചിത്രം തകർത്തത് കോൺഗ്രസുകാരാണെങ്കിൽ തെളിവുപുറത്തുവിടാൻ പൊലീസിനെ വി.ഡി. സതീശൻ കൽപറ്റയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വെല്ലുവിളിച്ചു. ഊഹാപോഹങ്ങളെത്തുടർന്ന് പൊലീസെടുത്ത കള്ളക്കേസിലാണ് 4 കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നും ഓഫിസ് ആക്രമണ ഗൂഢാലോചനക്കേസിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം വയനാട് ജില്ല സെക്രട്ടറിയേയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയുമായി സി.പി.എം സന്ധിചേർന്നിരിക്കുകയാണ്. എം.പിയുടെ ഓഫിസിൽ അതിക്രമിച്ചുകയറി ഓഫിസ് സ്റ്റാഫിനെ മർദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടില്ല. അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഗാന്ധിച്ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൈയും കാലും കെട്ടിയാണ് മനോജ് എബ്രഹാമിനെ അന്വേഷിക്കാന്‍ വിട്ടത്. മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചാല്‍ അങ്ങനെയല്ലെന്ന് തീരുമാനിക്കാന്‍ എ.ഡി.ജി.പിക്കോ പൊലീസിനോ കഴിയുമോ?. സ്വന്തം പാര്‍ട്ടി ഓഫിസിന് പടക്കം എറിയുകയും സ്വന്തം പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
തങ്ങളെപോലെയാണ് കോണ്‍ഗ്രസുകാരുമെന്ന് വരുത്തിതീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ കയറിയിരുന്ന ആളെയും സ്റ്റാഫംഗം അഗസ്റ്റിന് പുല്‍പള്ളിയെ മർദിക്കുകയും ചെയ്തവരെ ഇതുവരെ അറസ്റ്റ് ചെയ്തില്ല.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്ന വിഡിയോ കെ.സി. വേണുഗോപാല്‍ എം.പി പുറത്തുവിട്ടിരുന്നു. എന്നിട്ടും അക്രമങ്ങള്‍ക്ക് കുടപിടിച്ച ഏതെങ്കിലും പൊലീസുകാരനെതിരെ നടപടിയെടുത്തോയെന്നും അദ്ദേഹം ചോദച്ചു.
എസ്.എഫ്.ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ കയറിയത് മുൻവശത്തുകൂടി മാത്രമല്ല. ഓരോ ഘട്ടമായാണ് അതിക്രമം നടത്തിയത്.
ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതെ രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ കേസെടുത്തത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢലോചനയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്.
നിരപരാധികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഡി.സി.സി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ, പി.പി. ആലി, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം
കൽപറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപിച്ചു. ജില്ല പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക തെളിവെടുപ്പുപോലും നടത്താതെയാണ് എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളെ ഉൾപ്പെടെ കള്ളക്കേസിൽ കുടുക്കിയത്.
യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതുവരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, എം.എ. ബൈജു, സി.പി. പ്രിയേഷ്, ജയേഷ്, ജോസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

