ക്വാറൻറീനിലിരുന്ന് ഗഫൂര്‍ പറയുന്നു, ഇനി ജീവിതം തിരിച്ചുപിടിക്കണം
text_fieldsമലപ്പുറം: കാളികാവ് അല്‍സഫ ആശുപത്രിയുടെ നിരീക്ഷണമുറിയിലെ ജാലകത്തിലൂടെ നിര്‍വികാരനായി പുറത്തേക്ക് നോക്കിയിരിക്കുകയാണ് ഗഫൂര്‍. എയര്‍ ഇന്ത്യ എക്‌സപ്രസില്‍ വെള്ളിയാഴ്ച പുലര്‍ച്ച നാടണഞ്ഞ വളവന്നൂര്‍ ചാത്തേരി ഗഫൂറിന് മുന്നില്‍ പ്രതീക്ഷയുടെ വാതായനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഷാര്‍ജയിലെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ ജോലി നോക്കിവരികയായിരുന്നു. അതിനിടയിലാണ് കോവിഡ് രോഗം യു.എ.ഇ മേഖലയില്‍ ഭീതിപടര്‍ത്തി കടന്നെത്തുന്നത്. മാര്‍ച്ച് അവസാനത്തോടെ ബിസിനസ് നഷ്ടം കാരണം ഒടുവില്‍ കമ്പനി അടച്ചുപൂട്ടി. നാലുവര്‍ഷമായി തുടരുന്ന ജോലി നഷ്ടപ്പെട്ടതോടെ ഇനി എന്തുചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല.
15 വര്‍ഷത്തോളമായി ഗഫൂര്‍ പ്രവാസ ജീവിതം നയിക്കുന്നു. നേരത്തേ ബില്‍ഡിങ് മെറ്റീരിയില്‍ കമ്പനിയിലായിരുന്നു ജോലി. പിന്നീടാണ് ഫുഡ് മില്ലിലെ ഡ്രൈവര്‍ ജോലിയിലേക്ക് മാറിയത്. ഇതിനിടയില്‍ കഴിഞ്ഞ ബലിപെരുന്നാളിന് നാട്ടില്‍ വന്ന് കുടുംബത്തോടൊപ്പം നാലുമാസത്തോളം ചെലവഴിച്ച് ഡിസംബറിലാണ് ഷാര്‍ജയില്‍ തിരിച്ചെത്തിയത്. വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
ജോലി നഷ്ടമായി കഴിഞ്ഞ രണ്ടുമാസത്തോളം ഷാര്‍ജയില്‍ ഏറെ മന പ്രയാസത്തിലായിരുന്നു സുഹൃത്തിനൊപ്പം കഴിഞ്ഞതെന്ന് ഗഫൂര്‍ പറഞ്ഞു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് നാട്ടിലേക്ക് പോന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പലകുറി വന്ന്‌പോയിട്ടുണ്ടെങ്കിലും കോവിഡ് ഭീതിക്കിടെയുള്ള തിരിച്ചുവരവ് വല്ലാത്ത അനുഭവമായിരുന്നുവെന്നും ഗഫൂര്‍ പറഞ്ഞു. നാട്ടില്‍ ഇലക്ട്രിക് ജോലിയൊക്കെ ചെയ്ത പരിചയമുണ്ട്. തല്‍ക്കാലം പഴയ തൊഴിലിലേക്ക തന്നെ മടങ്ങണം. കാര്യങ്ങളൊക്കെ പഴപടിയായാല്‍ വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങണമെന്ന് തന്നെയാണ് ഗഫൂര്‍ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
