ജി 20 രണ്ടാം ഷെർപ സമ്മേളനം: ഡിജിറ്റൽ നേട്ടങ്ങൾ അവതരിപ്പിച്ച് ഇന്ത്യ
text_fieldsകുമരകത്ത് ആരംഭിച്ച ജി 20 ഷെർപ യോഗത്തിൽ കോവിഡ് പ്രതിരോധരംഗത്ത് ഇന്ത്യ താണ്ടിയ പടവുകൾ വിവരിക്കുന്ന കോവിൻ പ്രദർശന സ്റ്റാളിലെ സൈക്കിൾ ചവിട്ടുന്ന വിദേശപ്രതിനിധി. സൈക്കിൾ ചവിട്ടുന്നതിനുസരിച്ച് വിവിധ വിവരങ്ങൾ സമീപത്തെ സ്ക്രീനിൽ തെളിയും(ചിത്രം: ദിലീപ് പുരക്കൽ)
കുമരകം: ഡിജിറ്റൽ രംഗത്തെ നേട്ടങ്ങൾ വിദേശപ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യ. കുമരകത്ത് ആരംഭിച്ച ജി 20 രണ്ടാം ഷെർപ സമ്മേളനത്തിലാണ് ഡിജിറ്റൽ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ വിവരിച്ചത്. ഡിജി ലോക്കർ, യു.പി.ഐ ഉൾപ്പെടെയുള്ള പദ്ധതികളാണ് വിവരിച്ചത്. ഡിജി ലോക്കർ പദ്ധതിക്ക് ജി 20 രാജ്യങ്ങളുടെ പ്രതിനിധികളിൽനിന്ന് കൈയടിയും നേടി. രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പായ ഡിജിലോക്കറിന്‍റെ പ്രയോജനം പ്രതിനിധികളെ ബോധ്യപ്പെടുത്തി.
ചെറുകടകളിൽവരെ യു.പി.ഐ സംവിധാനം വിജയകരമായി നടപ്പാക്കിയത് വിദേശപ്രതിനിധികൾ ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും എൻ.സി.ഇ.ആർ.ടി.യുടെയും സംയുക്തസംരംഭമായ ദിക്ഷ ആപ്പുവഴി (ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിങ്) രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി.
കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ ഡിജിറ്റൽ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിന്‍റെ വിശദമായ വിവരമാണ് എക്സിബിഷനിലെ മുഖ്യഐറ്റം. സൈക്കിൾ ചവിട്ടി ഈ വിവരങ്ങൾ മനസ്സിലാക്കുന്ന രീതിയിലാണ് ഇതിന്‍റെ അവതരണം. കോവിൻ പ്രദർശന സ്റ്റാളിലാണ് സൈക്കിൾ. ഈ സൈക്കിൾ ചവിട്ടിയാൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെല്ലാം തൊട്ടുമുന്നിലുള്ള സ്ക്രീനിൽ തെളിയും. ജർമനി, നെതർലൻഡ് അടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ സൈക്കിൾ ചവിട്ടി ഡിജിറ്റൽ ഇന്ത്യയെ അറിഞ്ഞു. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, പേ ടി.എം തുടങ്ങിയവരുടെ അടക്കം വിവിധ സംരംഭങ്ങളും പ്രദർശനത്തിലുണ്ട്. ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്ത് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
വിദേശപ്രതിനിധികളെ ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു സമ്മേളനവേദിയായ കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്സിലേക്ക് സ്വീകരിച്ചത്.
വെള്ളിയാഴ്ച നിർണായക ചർച്ചകളാകും ഷെർപ (ഓരോ രാഷ്ട്രത്തലവന്‍റെയും പ്രതിനിധിയായി സംഘത്തെ നയിച്ചെത്തുന്നയാൾ) യോഗത്തിലുണ്ടാകുക. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ സമ്മേളനത്തിൽ സംസാരിക്കും.
ജി 20 അംഗരാജ്യങ്ങൾ, പ്രത്യേക ക്ഷണിതാക്കളായ ഒമ്പത് രാജ്യങ്ങൾ, യു.എൻ ഉൾപ്പെടെ രാജ്യാന്തര സംഘടനകൾ എന്നിവയിൽനിന്നായി 120 പ്രതിനിധികളാണ് ഏപ്രിൽ രണ്ടു വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രണ്ടിന് ഓണാഘോഷത്തോടെയാകും സമ്മേളനത്തിന് സമാപനമാകുക. രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു ആദ്യ ഷെർപ സമ്മേളനം നടന്നത്. ഏപ്രിൽ ആറു മുതൽ ഒമ്പതുവരെ നടക്കുന്ന വർക്കിങ് ഗ്രൂപ് യോഗത്തിനും കുമരകം ആതിഥേയത്വം വഹിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

