Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ആ സമയത്താണ് ജീവിതത്തെ...

'ആ സമയത്താണ് ജീവിതത്തെ നേരിടാൻ വേണ്ട പടക്കോപ്പ് മഞ്ജു തയാറാക്കിയത്' മഞ്ജുവിന് പിറന്നാളാശംസകൾ നേർന്ന് ജി. വേണുഗോപാൽ

text_fields
bookmark_border
Manju, G Venugopal
cancel

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർക്ക് ആശംസ നേർന്ന് കുറിപ്പ് സമൂഹമാധ്യമത്തിലൂെട പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ ആൾരൂപമാണ് മഞ്ജുവെന്ന് വേണുഗോപാൽ കുറിപ്പിൽ പറയുന്നു.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ വെച്ച് സിനിമയിൽ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജുവിനെ കണ്ടുമുട്ടിയപ്പോൾ ഒപരുപാട് സമ്മർദ്ദം അനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് മനസ്സിലായില്ല. ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാൻ പോകുന്ന വെല്ലുവിളികളെ നേരിടാൻ വേണ്ട പടക്കോപ്പുകൾ മഞ്ജു സജ്ജമാക്കിയത്. മഞ്ജുവുമൊത്തുള്ള ഒരു ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെ വന്ന കമന്‍റുകൾ തന്നെ അതിശയിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു.

വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിൻ്റെത്. അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജുവെന്ന് വേണുഗോപാൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ന് മഞ്ജുവിൻ്റെ പിറന്നാൾ!

എക്കാലത്തെയും എൻ്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉർവ്വശിയും മഞ്ജുവും. ഇവർ രണ്ട് പേരും അഭിനയിച്ചു എന്ന് പറയുന്നതിലും ശരി, ജീവിതത്തിൽ നമ്മൾ കണ്ടറിഞ്ഞ്, പരിചയപ്പെട്ട പലരേയും, ഓർമ്മയുടെ അതിർവരമ്പുകളിൽ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും മുന്നിൽ ശ്വസിപ്പിച്ച്, ചിരിപ്പിച്ച്, കരയിച്ച്, കുസൃതിച്ച് നിർത്തി എന്നുള്ളതാണ്.

വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ ചികിത്സയ്ക്ക് കയറുമ്പോൾ മഞ്ജു അവിടെയുണ്ട്. മഞ്ജുവിൻ്റെ ജീവിതത്തിലെ ഏറ്റവും ദുർഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മർദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നു് പിന്നീട് പത്രവാർത്തകളിൽ നിന്നിറഞ്ഞു. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു. സിനിമയിൽ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജു, ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാൻ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെ, നേരിടാൻ വേണ്ട പടക്കോപ്പുകൾ സജ്ജമാക്കിയത്.

സിനിമയ്ക്കപ്പുറം മഞ്ജുവിൽ കലാകേരളത്തിൻ്റെ ഏറ്റവും മികച്ച ഒരു നർത്തകിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജീവിതമുൾപ്പെടെ ഒന്നും വെറുമൊരു " സിനിമ " അല്ലായിരുന്നിരിക്കണം മഞ്ജുവിന് .

അതിന് ശേഷം ഞാൻ മഞ്ജുവിനെ നേരിട്ട് കണ്ടിട്ടില്ല. അപൂർവമായി ഫോണിൽ സംസാരിച്ചതല്ലാതെ.

ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിർത്തിവച്ച സമയത്തേക്കാൾ ഉജ്വലമായി തിരിച്ച് പിടിക്കാൻ സാധിച്ചെങ്കിൽ, ശാസ്ത്രീയ നൃത്തവേദികളിൽ ഏതൊരു ഇരുപത് വയസ്സ്കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെങ്കിൽ അവിടെ ഞാൻ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല. അനിതരണ സാധാരണമായ ധൈര്യവും, നിശ്ചയദാർഢ്യവും, ദിശാബോധവും, നേർക്കാഴ്ചയും, തന്ത്രവും ഒക്കെയൊത്തിണങ്ങിയ ഒരു സ്ത്രീയെയാണ്.

അന്ന് മഞ്ജുവുമൊത്തുള്ള ഈ പടം എൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെ വന്ന കമൻ്റുകൾ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശ്രയയായ ഒരു സ്ത്രീയെ കുറ്റപ്പെടുത്താനും, ആഭാസിക്കാനും നിരവധി പേരുണ്ടായിരുന്നു.

ഇന്ന് അതേ കേരളത്തിൽ, രോഗം നിറഞ്ഞ ശരീരവും, തലച്ചോറും പേറുന്ന കേരളത്തിൽ മഞ്ജു ഒരു ഐക്കൺ ആണ്.

വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിൻ്റെത് . അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജു.

മോതിരവിരലുകളിൽ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആൾരൂപം തന്നെയാണ് മഞ്ജു വാര്യർ !

ഈ ഒരു വിജയ യാത്രാപഥത്തിൽ എന്നും മഞ്ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു.

ആയുരാരോഗ്യ സൗഖ്യവും നന്മയും നേരുന്നു. VG

Happy Birthday Manju Warrier

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju warrierG VenugopalManju warrier bithday
News Summary - G Venugopal wishes Manju a happy birthday
Next Story