'എല്ലാ മതങ്ങളോടും ഒരേ സമീപനം, കുറച്ച് കൂടുതൽ ഇഷ്ടം ഇവരോടുണ്ട്'; ജി. സുകുമാരൻ നായർ
text_fieldsപെരുന്ന: എൻ.എസ്.എസിന് എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും, എന്നാൽ കുറച്ചു കൂടുതൽ ഇഷ്ടം മുസ്‌ലിം സമുദായത്തോടാണെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ ശ്രദ്ധേയമായ പ്രതികരണം. ചങ്ങനാശ്ശേരി പെരുന്നയിലെത്തിയ മന്ത്രിയെ അദ്ദേഹം ഷാൾ അണിയിച്ച് ഊഷ്മളമായി സ്വീകരിച്ചു.
മുസ്‌ലിം സമുദായവുമായും മുസ്‌ലിം ലീഗുമായും അഭിപ്രായ ഭിന്നതയുണ്ടാക്കാൻ എൻ.എസ്.എസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും, അങ്ങനെയൊരു അഭിപ്രായ വ്യത്യാസം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30-ഓടെയാണ് മന്ത്രി പെരുന്നയിലെത്തിയത്. രാവിലെ കോട്ടയത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ അദാലത്തിൽ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലെ അടുത്ത പരിപാടിയിലേക്ക് പോകുന്ന വഴിയായിരുന്നു സന്ദർശനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം എൻ.എസ്.എസ് ആസ്ഥാനത്ത് എത്തുന്നത്.
സാധാരണ മര്യാദയുടെ ഭാഗമായുള്ള സന്ദർശനമാണിതെന്ന് പറയുമ്പോഴും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്കും സുകുമാരൻ നായരുടെ പുതിയ പ്രസ്താവനയ്ക്കും വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ മുസ്‌ലിം ലീഗിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ എൻ.എസ്.എസ് നേരത്തെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകിയതിലും സംഘടന പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത്തരം കടുത്ത വിയോജിപ്പുകൾ നിലനിന്നിരുന്ന പശ്ചാത്തലത്തിൽ നിന്ന് മാറി, ലീഗ് മന്ത്രിക്ക് പെരുന്നയിൽ സ്വീകരണം നൽകുകയും മുസ്‌ലിം സമുദായത്തോടുള്ള അടുപ്പം എൻ.എസ്.എസ് നേതൃത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

