‘ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം, എൻ.ഡി.എ നേതാവിനെ ദൂതനാക്കിയതിൽ സംശയം’; തുറന്നടിച്ച് സുകുമാരൻ നായർ
text_fieldsകോട്ടയം: എൻ.എസ്.എസ് -എസ്.എൻ.ഡി.പി ഐക്യത്തിൽ നിന്നുള്ള പിന്മാറ്റത്തിൽ തുറന്ന് പറച്ചിലുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ.എസ്.എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ മാധ്യമങ്ങളോട് വ്യക്തമാക്കി.
മകനാണെങ്കിലും എൻ.ഡി.എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യ ചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് എൻ.എസ്.എസ് പിന്മാറിയത്.
ഐക്യനീക്കവുമായി ബി.ജെ.പി മുന്നണിയിലെ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കും. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ.എസ്.എസിന്‍റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണ്. കാര്യങ്ങൾ കണ്ടാൽ മനസിലാകുമല്ലോ എന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എസ്.എൻ.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തത്. എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ലെന്നാണ് ഇതുമായ ബന്ധപ്പെട്ട വാർത്താകുറിപ്പിൽ എൻ.എസ്.എസ് വ്യക്തമാക്കിയത്.
പല കാരണങ്ങളാലും പല തവണ എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളാൽതന്നെ വ്യക്തമാകുന്നു. എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനും ആവില്ല.അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല.
പ്രത്യേകിച്ച് എൻ.എസ്.എസ്സിന് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എൻ.ഡി.പി.യോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നത്.എൻ.എസ്.എസ് - എസ്.എൻ.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നുവെന്ന് വാർത്താകുറിപ്പിൽ എൻ.എസ്.എസ് വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഐക്യം എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനോട് ജി. സുകുമാരൻ നായർ യോജിക്കുകയായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ എസ്.എൻ.ഡി.പി ചുമതലപ്പെടുത്തുകയും ചെയ്തു. തുഷാർ എൻ.എസ്.എസ് ആസ്ഥാനത്ത് ചർച്ചക്ക് എത്താനിരിക്കെയാണ് ഐക്യം പൊളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

