പോസ്റ്ററിൽ ഫോട്ടോ ഉൾപ്പെടുത്തിയിട്ടും അയയാതെ ജി. സുധാകരൻ; പാലം ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല
text_fieldsആലപ്പുഴ: നാലുചിറ പാലം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരൻ. രക്തസാക്ഷികളുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് സുധാകരന്റെ പ്രതികരണം. പുന്നപ്ര വയലാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ദീപശിഖ റാലിയിലാണ് ജി. സുധാകരന് പകരം പങ്കെടുക്കുക. സുധാകരൻ തന്നെയാണ് ദീപശിഖ തെളിയിക്കുന്നത്. തുടര്‍ന്ന് ദീപശിഖ പ്രയാണത്തെ അദ്ദേഹത്തെ അനുഗമിക്കും.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്തത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ പാലം ഉദ്ഘാടനത്തിന് ക്ഷണിച്ചത്. അനുനയിപ്പിക്കാൻ തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടന പോസ്റ്ററിൽ സുധാകരന്റെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. എച്ച്. സലാം എം.എല്‍.എ നേരിട്ടെത്തി ക്ഷണിച്ചിട്ടും സുധാകരന് പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
ഏറെക്കാലമായി സർക്കാർ പരിപാടികളിൽനിന്നും പാർട്ടി പരിപാടികളിൽനിന്നും ജി. സുധാകരനെ ജില്ലയിലെ പാർട്ടി നേതൃത്വം അകറ്റിനിർത്തിയിരിക്കുകയായിരുന്നു. സുധാകരൻ തുടങ്ങിവെച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനുപോലും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ഇപ്പോൾ നാലര വർഷത്തിന് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ഉൾപ്പെടുത്തിയിരുന്നത്.
കെ.പി.സി.സി സാംസ്കാരികവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം സൈബർ ആക്രമണം നടത്തുന്നുവെന്ന് സുധാകരൻ പരാതി ഉന്നയിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ, എ.കെ. ബാലൻ എന്നിവർക്കെതിരെയും ആഞ്ഞടിച്ചിരുന്നു. ഇതിനിടെ കെ.എസ്.കെ.ടി.യു മുഖമാസികയുടെ വി.എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണ പരിപാടിയിൽ ക്ഷണിച്ചിരുന്നെങ്കിലും നോട്ടീസിൽ പേര് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹം വിട്ടുനിന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ല സെക്രട്ടറി ആർ. നാസർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് സമരഭൂമിയിലെ ബലികുടീരത്തിൽ നേതാക്കൾക്കൊപ്പം പുഷ്പാർച്ചന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

