‘ഹമാസ് തിരിച്ചടിക്കണം, തെല്‍ അവീവില്‍ ബോംബ് വീണാലേ പ്രശ്‌നം അവസാനിക്കൂ’; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും ജി. സുധാകരന്‍
text_fieldsമലപ്പുറം: ഇസ്രായേലിന്‍റെ ആക്രമണങ്ങളില്‍ ഹമാസ് തിരിച്ചടിക്കണമെന്നും തെല്‍ അവീവില്‍ ബോംബ് വീണാലേ പ്രശ്‌നം അവസാനിക്കൂവെന്നും സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണം. ഐക്യരാഷ്ട്ര സഭകൊണ്ട് യാതൊരു ഗുണവുമില്ല. ഇസ്രായേലിനെതിരേ പ്രമേയം കൊണ്ടുവന്നാല്‍ അമേരിക്ക വീറ്റോ ചെയ്യുന്നു. ഗസ്സയിലേതു പോലൊരു അതിക്രമം ലോകത്ത് എവിടെയും നടന്നിട്ടില്ലെന്നും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിൽ ജി. സുധാകരൻ പറഞ്ഞു.
"ഹമാസ് അത്രവലിയ ഭീകരസംഘടനയൊന്നും അല്ല. ഹമാസ് തിരിച്ചടിക്കണം. ആധുനിക ആയുധങ്ങള്‍ സമാഹരിക്കണം. ഇസ്രായേൽ തലസ്ഥാനമായ തെല്‍ അവീവില്‍ ബോംബ് വീണാലേ പ്രശ്‌നം അവസാനിക്കൂ. ഇസ്രായേല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡസന്‍ കണക്കിന് ആളുകളെ കൊന്നു. ഇതുപോലൊരു അതിക്രമം ലോകത്ത് എവിടെയും നടന്നിട്ടില്ല. എന്തിനാണ് ഐക്യരാഷ്ട്ര സഭ? ഇസ്രായേലിനെതിരേ പ്രമേയം കൊണ്ടുവന്നാല്‍ അമേരിക്ക വീറ്റോ ചെയ്യും. ആര്‍ക്കും വീറ്റോ പവര്‍ വേണ്ട. ഇന്ത്യ അനങ്ങുന്നില്ല. കാരണം ഇസ്രായേലുമായി സൗഹൃദമാണ്.
റഷ്യ സോവിയറ്റ് യൂണിയനായിരുന്ന കാലത്ത് പശ്ചിമേഷ്യയിലൊന്നും അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇന്ന് സാഹചര്യം മാറി. റഷ്യയെ ആക്രമിക്കാനുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും ഗൂഢാലോചനയാണ് യുക്രെയ്ന്‍ യുദ്ധത്തിന് കാരണം. റഷ്യയെ പിടിച്ചടക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് യുദ്ധം. യുക്രെനിന്‍റെ സെലൻസ്കി മറ്റൊരു നെതന്യാഹുവാണ്. അമേരിക്കയുടെ സഹായത്തോടെ യുക്രെയ്ൻ റഷ്യയെ ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് യുദ്ധമുണ്ടായത്. സോവിയറ്റ് യൂണിയനല്ലെങ്കിലും റഷ്യയിൽ ഇപ്പോഴും ആയുധങ്ങളുണ്ട്. സോവിയറ്റ് യൂണിയൻ ഇല്ലാതായതിന്‍റെ പ്രശ്നം അനുഭവിക്കുന്നത് മൂന്നാം ലോക രാജ്യങ്ങളാണ്.
ലിബറലൈസേഷനും ഉദാരവല്‍ക്കരണവും ഇന്ത്യയിലെ യുവജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ ബോധത്തെ ഇല്ലാതാക്കി. നവലിബറല്‍ നയങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലും, പ്രത്യേകിച്ച് കാമ്പസുകളിലെ രാഷ്ട്രീയ അവബോധത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ നയങ്ങള്‍ വ്യക്തിഗത സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ സംസ്‌കാരത്തിന് രൂപം നല്‍കി. പണ്ടുകാലത്ത് ഇന്ത്യയിലെയും കേരളത്തിലെയും കോളേജുകളിലും സര്‍വകലാശാലകളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളും അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇന്ന് അത്തരം പ്രകടനങ്ങളോ ചര്‍ച്ചകളോ കാമ്പസുകളില്‍ നടക്കുന്നില്ല. മാനവികതയുടെ അന്തരീക്ഷം തന്നെ കാമ്പസുകളില്‍ നഷ്ടമായിരിക്കുന്നു.
പഠിക്കുക, ഡിഗ്രി എടുക്കുക, നല്ല ജോലിക്ക് പോവുക എന്നത് മാത്രമായി യുവതലമുറയുടെ ലക്ഷ്യം. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും തങ്ങള്‍ക്ക് സുഖമായി ജീവിക്കണമെന്ന ചിന്താഗതിയിലേക്ക് ഇന്ത്യന്‍ സമൂഹം അതിവേഗം മാറിക്കൊണ്ടിരുന്നു. ഈ മനോഭാവം യുവജനങ്ങളെ മാത്രമല്ല, തൊഴിലാളികളെയും സ്വാധീനിച്ചു. അവര്‍ക്കിടയിലും സമരം ചെയ്യേണ്ട ആവശ്യമില്ല, സുഖമായി ജീവിക്കുക എന്ന ചിന്ത വളര്‍ന്നു. ഇന്ത്യയില്‍ ഈയൊരു മാറ്റം പ്രകടമായിത്തുടങ്ങിയത് 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ കാലം മുതലാണ്. അദ്ദേഹം ലോകബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ അവിടെനിന്ന് കൊണ്ടുവന്ന ആശയങ്ങളാണ് ഉദാരവല്‍ക്കരണ സംസ്‌കാരത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്.
ഗസ്സയില്‍ നടക്കുന്ന വംശഹത്യ, റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ഗൗരവമേറിയ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചൊന്നും ഇന്ത്യന്‍ കാമ്പസുകളില്‍ ചര്‍ച്ചകളോ പ്രതിഷേധങ്ങളോ ഉയരുന്നില്ല. ലോകത്തെവിടെ ഒരു മനുഷ്യന്റെ പുറത്ത് ചാട്ടവാറടി വീണാലും അത് എന്റെ പുറത്താണ് വീഴുന്നത് എന്നതായിരുന്നു 1960കളിലെയും 70കളിലെയും കേരളത്തിലെ കാമ്പസുകളിലെ മുദ്രാവാക്യം. ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ നിലവിലുണ്ടെങ്കിലും അവരുടെ പരിപാടികളില്‍ ഇത്തരം ആശയങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെന്നല്ലാതെ അത് പ്രായോഗികമായി കാമ്പസുകളില്‍ പ്രതിഫലിക്കുന്നില്ല” -സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

