‘നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ആൾക്കെതിരെ കേസെടുത്തത് ഒരു മാസം കൊണ്ട്, തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ’; മന്ത്രി സജി ചെറിയാനെയും പരാമർശിച്ച് ജി. സുധാകരൻ
text_fieldsആലപ്പുഴ: 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിക്കുവേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ കൂടുതൽ പ്രതികരണവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്‍. മന്ത്രി സജി ചെറിയാന്‍ ഭരണഘടനക്കെതിരെ വിമർശനം നടത്തിയ സമയത്ത് പൊലീസ് കേസെടുത്ത നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്‍റെ പുതിയ വിമർശനം.
രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ ഒരു മാസം എടുത്താണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.
നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുക്കുന്നതിൽ ശരിയായ ആലോചനയല്ല നടന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. കേസെടുത്ത പൊലീസ് ആണ് പുലിവാൽ പിടിച്ചത്. താൻ ഒരു മുൻകൂർ ജാമ്യത്തിനും പോകുന്നില്ല. പൊലീസ് അറസ്റ്റ് ചെയ്യട്ടെ എന്നും ജയിലിൽ പോകാൻ തയാറാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, വിവാദ പ്രസംഗത്തിൽ ജി. സുധാകരന്‍റെ മൊഴി പൊലീസ് തൽക്കാലം എടുക്കില്ല. കഴിഞ്ഞ ദിവസം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും രേഖാമൂലമുള്ള തെളിവുകൾ ശേഖരിച്ച ശേഷം മൊഴിയെടുത്താൽ മതിയെന്നാണ് പൊലീസ് നിലപാട്. ഇതിന് മുന്നോടിയായി ആലപ്പുഴ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് വിഭാഗത്തോട് തെളിവുകൾ സമർപ്പിക്കാൻ ആലപ്പുഴ സൗത്ത് പൊലീസ് ആവശ്യപ്പെട്ടു.
36 വർഷം മുമ്പുള്ള സംഭവമായതിനാൽ തെളിവുകൾ ശേഖരിച്ച് മാത്രമേ പൊലീസിന് നടപടിയിലേക്ക് കടക്കാൻ സാധിക്കൂ. ജനപ്രാതിനിധ്യനിയമത്തിലെ വോട്ടിങ് രഹസ്യാത്മകത ലംഘനം, ബൂത്ത് പിടിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങി മൂന്ന് മുതൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
എൻ.ജി.ഒ യൂനിയൻ സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായി ഈ മാസം 14ന് ആലപ്പുഴയിൽ നടന്ന മുൻകാല നേതാക്കളുടെ സമ്മേളന വേദിയിലാണ് ജി.സുധാകരൻ വിവാദപ്രസംഗം നടത്തിയത്. തുടർന്ന് കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിക്കുകയായിരുന്നു. പിന്നാലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തു. ജില്ല കലക്ടർ കത്ത് നൽകിയതിന് പിന്നാലെ നിയമോപദേശം തേടിയാണ് പൊലീസ് കേസെടുത്തത്.
കടക്കരപ്പള്ളിയൽ സി.പി.ഐ നടത്തിയ പരിപാടിയിലും അമ്പലപ്പുഴ തഹസിൽദാർക്ക് നൽകിയ മൊഴിയിലും അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നും അത്തരമൊരുസംഭവം നടന്നിട്ടില്ലെന്നും വ്യക്തമാക്കി വിവാദപരാമർശം സുധാകരൻ തിരുത്തിയിരുന്നു. എന്നാൽ, പ്രസംഗത്തിന്റെ വിഡിയോ ഇപ്പോഴും തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

