ജി. സുധാകരന് കെ.പി.സി.സി വേദിയിൽ ആവേശകരമായ സ്വീകരണം; നീതിമാനായ മന്ത്രിയെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശൻ, രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാവില്ലെന്ന് ജി. സുധാകരൻ
text_fieldsഗാന്ധിജിയും ശ്രീനാരായണഗുരുവും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ 100ാം വാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിനെത്തിയ ജി. സുധാകരനെയും സി. ദിവാകരനെയും വേദിയിലേക്കാനയിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. വി.എം. സുധീരൻ, എം. ലിജു തുടങ്ങിയവർ സമീപം (ചിത്രം: പി.ബി. ബിജു)
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറിൽ പങ്കെടുത്ത സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് ആവേശകരമായ സ്വീകരണം. ‘മൊഴിയും വഴിയും ആശയസമര സംഗമം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സുധാകരൻ പങ്കെടുത്തത്.
നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി. സുധാകരൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചു. ഉപദേശം നൽകുന്ന ജേഷ്ഠ സഹോദരനെന്നാണ് ചടങ്ങിൽ പങ്കെടുത്ത സി.പി.ഐ നേതാവ് സി. ദിവാകരനെ സതീശൻ വിശേഷിപ്പിച്ചത്.
രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാവില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. എന്‍റെ പാർട്ടിയെക്കുറിച്ച് ഞാൻ ആക്ഷേപം പറയില്ല. ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വർധിക്കുകയാണ്. സനാതന ധർമവുമായി ആർ.എസ്.എസിന് ബന്ധമില്ല. സനാതന ധർമമെന്നാൽ മാറ്റമില്ല ധർമമാണ്.
സനാതന ധർമം വേദകാലഘട്ടത്തിന് മുമ്പുണ്ടായതാണ്. ചാതുർവർണ്യം വേദ കാലഘട്ടത്തിൽ വന്നതുമാണ്. കമ്യൂണിസത്തിലെ ഏതെങ്കിലും പോരാട്ടം പരാജയപ്പെട്ടാൽ അത് നടത്തിയവർ തെറ്റുകാരാണെന്ന് പറയാനാവില്ല. വർഗ സമരങ്ങളിൽ എല്ലാത്തരം പോരാട്ടങ്ങളുമുണ്ടാവം.
പൊലീസ് സ്റ്റേഷൻ അക്രമിച്ചതിനെ അബദ്ധമെന്ന് വിശേഷിപ്പിക്കാവില്ല. രണ്ട് രാജ്യങ്ങളിലെ അംബാസഡറായവരെ വിശ്വപൗരനെന്ന് വിളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.
ഗാന്ധിയെക്കാള്‍ വലിയയാള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്ന രാഷ്ട്രീയം ഇപ്പോള്‍ ഉയരുന്നുണ്ടെന്നും അത് അപകടകരമായ രാഷ്ട്രീയമാണെന്നും മുന്‍ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.
കേരളജനത ഗുരുദേവനോട് നീതി പുലര്‍ത്തിയുണ്ടോ? ഗുരുവിന്‍റെ ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ പോലും പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് മദ്യം ഇപ്പോള്‍ പ്രധാന അജണ്ടയായി മാറി.
ബ്രുവറിയെ കുറിച്ചാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ക്യൂവില്‍ നിൽകുന്ന അവസാനത്തെ ആളിനും മദ്യം നൽകണമെന്നാണ് പുതിയ നിര്‍ദേശം. ലഹരിക്കടിമപ്പെട്ട തലമുറയെ തിരിച്ച് കൊണ്ടു വരണമെന്നും സി. ദിവാകരന്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.