അനുനയം വിജയിച്ചില്ല; വി.എസ് സ്മാരക പുരസ്കാര ദാന ചടങ്ങിൽ ജി. സുധാകരൻ പങ്കെടുത്തില്ല
text_fieldsജി. സുധാകരൻ- ചിത്രങ്ങൾ: മനു ബാബു
ആലപ്പുഴ: ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ നടത്തിയ ശ്രമം വിജയിച്ചില്ല. കുട്ടനാട്ടിൽ നടന്ന വി.എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാരദാന ചടങ്ങിൽ ജി. സുധാകരൻ പങ്കെടുത്തില്ല. പരിപാടി അവർ നടത്തിക്കോളുമെന്നും തന്റെ ആവശ്യമില്ലല്ലോ എന്നുമാണ് ജി. സുധാകരൻ പ്രതികരിച്ചത്.
ഏറെ നാളായി ജി. സുധാകരനെ പാർട്ടി പരിപാടികളിൽ നിന്ന് ജില്ല നേതൃത്വം അകറ്റി നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. ജില്ല സെക്രട്ടറി ആർ. നാസർ, കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത എന്നിവർ സുധാകരന്റെ വസതിയിലെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെ.എസ്.കെ.ടി.യുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’ യുടെ വി.എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമായിരുന്നു പരിപാടി.
പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ നോട്ടീസിൽ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ല. നോട്ടീസ് അച്ചടിച്ചശേഷമാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നാണ് അറിയുന്നത്. ആദ്യം പങ്കെടുക്കുമെന്ന് പറഞ്ഞ ജി. സുധാകരൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ജില്ലയിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ജി. സുധാകരൻ. എന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കി നോട്ടീസ് അടിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
കെ.പി.സി.സി സംസ്കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സുധാകരനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ സുധാകരൻ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അത് ചർച്ചയായതോടെയാണ് നേതാക്കൾ അനുനയവുമായി എത്തിയത്.
ടി.ജെ. ചന്ദ്രചൂഡന് പുരസ്കാരം ജി. സുധാകരന്
തിരുവനന്തപുരം: ആർ.എസ്.പി മുന്‍ ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡന് സ്മാരക പുരസ്കാരം മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്. ഒക്ടോബര്‍ 31ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ വിതരണം ചെയ്യും. അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് നിസ്തുല സംഭാവന നല്കുന്ന പ്രതിഭകള്‍ക്കായി പ്രഫ. ടി.ജെ. ചന്ദ്രചൂഡന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

