‘ചരിത്രം പഠിക്കാതെ പ്രസ്ഥാനത്തോട് നീതി പുലർത്താനാകില്ല’; സി.പി.എം പരിപാടിക്ക് ക്ഷണിക്കാത്തതിൽ വിമര്‍ശനവുമായി ജി. സുധാകരൻ
text_fieldsജി. സുധാകരൻ
ആലപ്പുഴ: അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍ രംഗത്ത്. നേരിട്ട് അറിവില്ലാത്തവര്‍ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ചരിത്രം പഠിക്കാതെയാണ് പലരും പറയുന്നതെന്നും എല്ലാം ഓര്‍ക്കുന്നതാണ് മാനവ സംസ്‌കാരമെന്നും സുധാകരന്‍ പറഞ്ഞു.
“ചരിത്രം പുരോഗതിയാണ്, അതിനെ പറ്റി മനസിലാക്കണം. കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചിരുന്നവര്‍ ഇല്ലാതാകും. ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ പ്രസ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയില്ല” -സുധാകരന്‍ പറഞ്ഞു. സി.പി.എം സംഘടിപ്പിച്ച പരിപാടിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്.
സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍, ആര്‍. നാസര്‍, അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. പാര്‍ട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

