മരണത്തിലും ജീവനായി രാധാകൃഷ്ണൻ പോറ്റി; പുതുജീവിതം ലഭിച്ചത് ആറുപേർക്ക്
text_fieldsതിരുവനന്തപുരം: മരണശേഷം ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ജി. രാധാകൃഷ്ണൻ പോറ്റി (67). കൊല്ലം കൊട്ടാരക്കര കലയപുരം ‘ശ്രീലക്ഷ്മി’യിൽ ജി. രാധാകൃഷ്ണൻ പോറ്റിയാണ് മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം നടത്തിയത്. രണ്ടു വൃക്കകൾ, കരൾ, ത്വഗ് (സ്കിൻ), രണ്ടു നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി ആംബുലൻസിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ന് കിംസ് ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് 2.40ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. പൊലീസിന്റെ ഏകോപനത്തിലൂടെയാണ് ദീർഘദൂര പാതയിൽ തടസമില്ലാത്ത യാത്ര സാധ്യമായത്.
കൊല്ലം കലക്ടറേറ്റിൽ നിന്നാണ് രാധാകൃഷ്ണൻ പോറ്റി വിരമിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 21ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് 25ന് വൈകീട്ട് അഞ്ച് മണിയോടെ മസ്തിഷക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് രാധാകൃഷ്ണൻ പോറ്റിയുടെ വേർപാടിനിടയിലും അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഭാര്യ ലതിക ദേവി അന്തർജനവും മകൾ ആർ. ശ്രീലക്ഷ്മിയും സന്നദ്ധരായി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് ഏകോപനം നിർവഹിച്ചത്.
കിംസിൽ നടന്ന അവയവദാനത്തിലൂടെ അദ്ദേഹത്തിന്റെ ഒരു വൃക്കയും കരളും കിംസ് ഹോസ്പിറ്റലിലെ രോഗികൾക്കും, രണ്ടാമത്തെ വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളജിലെ രോഗിക്കും ത്വഗ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കും നേത്രപടലം തിരുവനന്തപുരം ആർ.ഐ.ഒയിലെ രോഗിക്കുമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

