പി.എച്ച് കുര്യന് വിട നൽകി നാട്
text_fieldsമുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പാമ്പാടി കുറ്റിക്കലിലെ
വസതിയില്‍ അന്തിമോപചാരമര്‍പ്പിക്കുന്നു
കോട്ടയം: അന്തരിച്ച മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും കോട്ടയം ജില്ല കലക്ടറുമായിരുന്ന സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി.എച്ച്. കുര്യന് (കൊച്ചുമോൻ) വിടനൽകി നാടും ഉറ്റവരും. സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഭൗതികശരീരം സംസ്കരിച്ചു. ശനിയാഴ്ച രാവിലെ 11.30ന് കുറ്റിക്കലിലെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം 12.15ഓടെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഭൗതികശരീരം എത്തിച്ചു. ഉച്ചക്ക് ഒന്നിന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹനോർ മാർ ദിയസ്കോറോസിന്റെ മുഖ്യ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടന്നു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി മോന്‍സ് ജോസഫ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി സണ്ണി ജോസഫ്, ജില്ല കലക്ടർ ചേതന്‍കുമാര്‍ മീണ ഉൾപ്പെടെയുള്ളവർ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ച വരെ തിരുവനന്തപുരം മുട്ടടയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ, സഹപ്രവർത്തകർ, പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ വെള്ളിയാഴ്ച വസതിയിലെത്തി പ്രത്യേക പ്രാർഥന നടത്തി. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരവും നടന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

