മതമൈത്രിയുടെ വേദിയായി സംസ്കാര ചടങ്ങ്
text_fieldsഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ അംഗങ്ങൾ കൂവപ്പാടം ശ്മശാനത്തിലെ സംസ്കാര ചടങ്ങിൽ
മട്ടാഞ്ചേരി: കോവിഡ് മൂലം മരിച്ച ഹിന്ദു വീട്ടമ്മയുടെ സംസ്കാര ചടങ്ങ് നടത്തിയത് ഒരു പറ്റം മുസ്ലിം യുവാക്കൾ. മട്ടാഞ്ചേരി സുജാത തിയറ്ററിനു സമീപം മങ്ങാട്ട് ഹൗസിൽ പരേതനായ മണിയുടെ ഭാര്യ രത്നമ്മ (64) അർബുദത്തെ തുടർന്നാണ് മരിച്ചത്.
ഇവർ വീട്ടിൽ ചികിത്സയിലായിരുന്നു. മരുമകൾക്ക് കോവിഡ് ബാധിച്ചിരുന്നതിനാൽ രത്നമ്മയുടെ മൃതദേഹം പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
പരിശോധനക്ക് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും കബീർ കൊച്ചിയുടെ നേതൃത്വത്തിലുള്ള ഐഡിയൽ റിലീഫ് വിങ് പ്രവർത്തകരും ടീം വെൽഫെയർ അംഗങ്ങളുമാണ്. പരിശോധനയിൽ രത്നമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൂവപ്പാടം ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിലും ആറംഗ സംഘം തന്നെയാണ് ജീവനക്കാരന് സഹായിയായത്. രത്നമ്മയുടെ മകൻ രാജേഷ് ചിതക്ക് തീ കൊളുത്തി.
ഐ.ആർ.ഡബ്ല്യു പ്രവർത്തകൻ ഷമീർ കൊച്ചി, ടീം വെൽഫെയർ അംഗങ്ങളായ കെ.കെ. റഫീഖ്, കെ.എ. ഫാസിൽ, അലി ബാവ, അസീം, കെ.എം. സലീം എന്നിവരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.