തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്: നഷ്ടപ്പെടുത്തിയത് 3,367.92 കോടി
text_fieldsതിരുവനന്തപുരം: 2023-24ൽ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കായി ആകെ അനുവദിച്ച 9,135.94 കോടിയിൽ 3,367.92 കോടി (36.86 ശതമാനം) സാമ്പത്തിക വർഷാവസാനത്തോടെ വിനിയോഗിക്കാതെ നഷ്ടപ്പെട്ടുവെന്ന് സി.എ.ജി കണ്ടെത്തൽ. 2024 മാർച്ച് വരെ കാലയളവിലെ വികസന, മെയിന്റനൻസ് ഫണ്ടുകളിലായി അനുവദിച്ച 7,360.76 കോടിയിൽ മാത്രം 2,912.23 കോടി (39.56 ശതമാനം) ലാപ്സായി. നഗരസഭകൾക്കായി അനുവദിച്ച 2,318.95 കോടിയിൽ 495.83 കോടിയാണ് (21.38 ശതമാനം) വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങളിൽ റോഡ്, റോഡിതര ആസ്തികളുടെ സംരക്ഷണത്തിനായി അനുവദിച്ച മെയിന്റനൻസ് ഫണ്ടുകൾ ഭൂരിഭാഗവും ചെലവഴിക്കാതെ കിടന്നു.
ഗ്രാമപഞ്ചായത്തുകളിൽ റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ച 1,929.61 കോടിയിൽ 1,371.31 കോടിയും (71.07 ശതമാനം) വിനിയോഗിച്ചില്ല. റോഡിതര മെയിന്റനൻസ് ഫണ്ടിൽ അനുവദിച്ച 1,085.16 കോടിയിൽ 539.99 കോടി (49.76 ശതമാനം) ലാപ്സായി. നഗരസഭകളിൽ റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ച 314.87 കോടിയിൽ 213.10 കോടിയും (67.68 ശതമാനം ) ചെലവാക്കിയില്ല. റോഡിതര മെയിന്റനൻസ് ഫണ്ടിൽ അനുവദിച്ച 320.26 കോടിയിൽ 180.69 കോടി (56.42 ശതമാനം) ഇക്കാലയളവിൽ ചെലവഴിക്കാതെ കിടന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി ഫണ്ട് വിതരണം ചെയ്യാത്തതാണ് ഇതിന് കാരണം. വികസന ഫണ്ട് വിതരണം ചെയ്യുന്നതിൽ 117 ദിവസത്തെ കാലതാമസമാണ് വരുത്തിയത്. മെയിന്റനൻസ് ഫണ്ട് വിതരണത്തിൽ 114 ദിവസത്തെയും പൊതു ആവശ്യ ഫണ്ട് വിതരണത്തിൽ 89 ദിവസത്തെയും കാലതാമസമുണ്ടായി. കൈമാറ്റത്തിൽ കാലതാമസമുണ്ടായാൽ ആർ.ബി.ഐയുടെ ബാങ്ക് നിരക്കിൽ വൈകിയ ദിവസങ്ങളിലെ പലിശ സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം.

