ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം; പുതിയ മാർഗനിർദേശം പുറത്തിറക്കി
text_fieldsrepresentational image
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒപ്പം ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച പുതിയ മാർഗനിർദേശം പുറത്തിറക്കി. ആരോഗ്യ ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യ വകുപ്പാണ് മാർഗനിർദേശം നൽകിയത്. ഇത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവിലേക്കായി റവന്യൂ വകുപ്പ് സർക്കുലർ ആയി പുറത്തിറക്കി.
ചികിത്സിക്കുന്ന ഡോക്ടർ തന്നെ ആകണം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടത്. ചികിത്സക്കു ചെലവഴിച്ച തുകയും തുടർ ചികിത്സക്ക് ആവശ്യമായ തുകയും വ്യക്തമായ പരിശോധനക്കു ശേഷമാണു രേഖപ്പെടുത്തേണ്ടത്. ഓരോ ചികിത്സ വിഭാഗത്തിൽ ഉൾപ്പെടുന്ന ഡോക്ടർമാരും അവരുടെ ചികിത്സ വിഭാഗവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സർട്ടിഫിക്കറ്റ് ആണു നൽകേണ്ടത്. തന്റെ ചികിത്സയിൽ ഇരിക്കുന്ന രോഗികൾക്ക് അല്ലാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റ് നൽകേണ്ട സാഹചര്യം വരുമ്പോൾ, ചികിത്സാരേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നൽകുക.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 5000 രൂപക്ക് മുകളിൽ ചികിത്സച്ചെലവായി രേഖപ്പെടുത്തുന്ന ഘട്ടത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനോടൊപ്പം ചികിത്സരേഖകൾ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾക്ക് ഒപ്പം ഉള്ള സർട്ടിഫിക്കറ്റിൽ ഇക്കാര്യങ്ങൾ കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ ഉറപ്പാക്കണമെന്നും സർക്കുലറിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

