ഫണ്ട് മുടങ്ങി; ലൈഫ് മിഷൻ പ്രതിസന്ധിയിൽ
text_fieldsകാളികാവ് (മലപ്പുറം): തദ്ദേശസ്ഥാപനങ്ങൾക്ക് യഥാസമയം ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ലൈഫ് ഭവനപദ്ധതി കടുത്ത പ്രതിസന്ധിയിൽ. പതിനായിരക്കണക്കിന് വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചു. ഗഡു മുടങ്ങിയതോടെ വീട് നിർമാണം പൂർത്തിയാക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് നിർധനരായ ഗുണഭോക്താക്കൾ. പദ്ധതി വിഹിതത്തിന്റെ വലിയൊരു പങ്ക് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽനിന്നോ കണ്ടെത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
മൂന്നാം ഗഡുവും നാലാം ഗഡുവും ലഭിക്കാനുള്ളവർ മാസങ്ങളായി തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയാണ്. ഫണ്ട് വൈകലിനൊപ്പം സിമന്റ്, കമ്പി, കട്ട തുടങ്ങിയ നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും ഗുണഭോക്താക്കൾക്ക് ഇരട്ടപ്രഹരമായി. സർക്കാർ നൽകുന്ന നാല് ലക്ഷം രൂപയുപയോഗിച്ച് നിർമാണം പൂർത്തിയാക്കുക അസാധ്യമാണെന്നാണ് പരാതി. ഇതിനിടയിലാണ് ലഭിക്കേണ്ട തുക കൂടി കൃത്യസമയത്ത് കിട്ടാതാകുന്നത്. കടം വാങ്ങിയ തുകക്ക് പലിശ കൂടുന്നതും പലരെയും ദുരിതത്തിലാക്കുന്നു.
നിലവിലുള്ള വീടുകളുടെ നിർമാണം പ്രതിസന്ധിയിലായതോടെ, പുതിയ പട്ടികയിൽ ഉൾപ്പെട്ട ലക്ഷക്കണക്കിന് പേരുടെ കാത്തിരിപ്പും നീളുകയാണ്. മുൻഗണന ലിസ്റ്റ് തയാറായിട്ടുണ്ടെങ്കിലും ഫണ്ടിന്റെ ലഭ്യതക്കുറവിനാൽ ഇവർക്ക് കരാർ ഒപ്പിടാൻ സാധിക്കുന്നില്ല. സർക്കാർ ഇടപെട്ട് പ്രത്യേക പാക്കേജോ വായ്പ വ്യവസ്ഥകളോ ഏർപ്പെടുത്തിയില്ലെങ്കിൽ പദ്ധതി പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

