അഗ്നിരക്ഷസേനയുടെ ആധുനികവത്കരണം:162.25 കോടിയുടെ പദ്ധതി
text_fieldsകൽപറ്റ: കേരള അഗ്നിരക്ഷസേനയെ ആധുനികവത്കരിക്കാൻ 162.25 കോടിയുടെ കേന്ദ്ര-സംസ്ഥാന പദ്ധതി. 121.07 കോടി രൂപ കേന്ദ്രവിഹിതവും 41.18 കോടി രൂപ സംസ്ഥാന വിഹിതവും ചേർന്ന പദ്ധതി അഗ്നിരക്ഷസേനയുടെ സേവനങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
15ാം ധനകാര്യ കമീഷന്റെ നിർദേശപ്രകാരമുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ഇതിനകം കിട്ടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയർ സർവിസ്-സിവിൽ ഡിഫൻസ്-ഹോം ഗാർഡ്സ് ഡയറക്ടറേറ്റ് ജനറലും കേരള സർക്കാറുമായി കരാർ ഒപ്പുവെക്കുകയും ചെയ്തു. ആദ്യഗഡുവായി കേന്ദ്രം 36.32 കോടി രൂപയാണ് അനുവദിച്ചത്. ആകെ തുകയുടെ 30 ശതമാനമാണിത്. പദ്ധതിക്ക് സംസ്ഥാന സർക്കാറിന്റ ഭരണാനുമതി ലഭിച്ചു. 2026 മാർച്ച് 31 ആണ് പദ്ധതി പൂർത്തീകരിക്കാനുള്ള കാലയളവ്.
സേവനം വിപുലപ്പെടുത്തൽ വിഭാഗത്തിൽ പുതിയ അഗ്നിരക്ഷ നിലയങ്ങൾ സ്ഥാപിക്കാൻ 48.68 കോടി, സംസ്ഥാന പരിശീലന കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ശക്തിപ്പെടുത്താൻ 8.11 കോടിയുമാണ് വിനിയോഗിക്കുക. സേനയുടെ ആധുനീകരണവുമായി ബന്ധപ്പെട്ട് അഗ്നിപ്രതിരോധ ഉപകരണങ്ങൾക്കായി 73.01 കോടി, സംസ്ഥാന ആസ്ഥാന കാര്യാലയം ശക്തിപ്പെടുത്താൻ 4.45 കോടിയും നൽകും. നഗരങ്ങളിലെ അഗ്നിരക്ഷ നിലയങ്ങൾ ശക്തിപ്പെടുത്താൻ 3.66 കോടി, സംസ്ഥാനത്തിന്റെ മറ്റ് നിശ്ചിത ആവശ്യങ്ങൾക്കായി 24.34 കോടിയുമാണ് നീക്കിവെക്കുക.
സേനയിൽ നിലവിൽ ലഭ്യമല്ലാത്ത കാര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും പണത്തിന്റെ വിനിയോഗം കേന്ദ്രസർക്കാറിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കുമെന്നും സംസ്ഥാന അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ പറയുന്നു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

