ജന്തുജാലങ്ങൾക്കും മുഴുവൻസമയ അത്യാഹിത വിഭാഗം
text_fieldsബേപ്പൂർ: വളർത്തുമൃഗങ്ങൾ അപ്രതീക്ഷിതമായി അപകടത്തിൽപെടുകയോ രോഗബാധയുണ്ടാവുകയോ ചെയ്താൽ ഭയപ്പെടേണ്ട. മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ഇനി 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ കരുതലും ശുശ്രൂഷയും ലഭിക്കും. 'ശോഭനം' എന്ന പേരിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നത്.
മൃഗചികിത്സ രംഗത്തെ പുതിയ ചുവടുവെപ്പിെൻറ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 26 മൃഗാശുപത്രികളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നവയായി മാറുന്നത്.
ജില്ലയിൽ വടകര, പേരാമ്പ്ര വി.പി.സികളിലാണ് (വെറ്ററിനറി പോളി ക്ലിനിക്) 'ശോഭനം' പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊല്ലം-കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ മന്ത്രി കെ. രാജു നിർവഹിക്കും.
നിലവിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെയാണ് മൃഗാശുപത്രികളുടെ പ്രവർത്തനം. രാത്രികാലങ്ങളിൽ മൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനാണ് ആശുപത്രികളുടെ പ്രവർത്തനം 24 മണിക്കൂറായി ദീർഘിപ്പിക്കുന്നത്.
രാവിലെ എട്ടുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി എട്ടുവരെയും എട്ടുമുതൽ രാവിലെ വരെയുമുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവർത്തനം ക്രമീകരിക്കുക. ഒരു ഡോക്ടർ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരുടെ സേവനം ലഭ്യമാകും.